ബംഗളൂരു: ബംഗളൂരുവിൽ 22കാരിയായ മലയാളി യുവതി പീഡനത്തിനിരയായ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ബംഗളൂരു സ്വദേശികളായ ബൈക്ക് ടാക്സി ഡ്രൈവർ അറഫാത്ത് (22), സുഹൃത്ത് ഷിഹാബുദ്ദീൻ (23), അറഫാത്തിന്റെ പെൺസുഹൃത്തും പശ്ചിമ ബംഗാൾ സ്വദേശിനിയുമായ 22കാരി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
കേരളത്തിലെ സ്വകാര്യ കമ്പനിയിൽ ഫ്രീലാൻസ് ജീവനക്കാരിയായ യുവതി ജോലിയുടെ ഭാഗമായാണ് ബംഗളൂരുവിലെത്തിയത്. ഇലക്ട്രോണിക് സിറ്റിയിലുള്ള സുഹൃത്തുക്കളെ കാണാൻ ബി.ടി.എം ലേഔട്ടിൽനിന്ന് ബൈക്ക് ടാക്സി യുവതി ബുക്ക് ചെയ്തു. ബൈക്ക് ടാക്സി ഡ്രൈവർ എത്തുമ്പോൾ യുവതി പാതിബോധത്തിലായിരുന്നെന്നും വഴിമധ്യേ ഏറക്കുറെ ബോധം നഷ്ടപ്പെട്ടിരുന്നെന്നും വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു.
ഈ സാഹചര്യം മുതലെടുത്ത് യുവതിയെ മുഖ്യപ്രതി തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തായ ഷിഹാബുദ്ദീനെയും ഇയാൾ ഒപ്പം കൂട്ടി. പിറ്റേന്ന്, പെൺകുട്ടിക്ക് ബോധം തെളിഞ്ഞപ്പോൾ പോകാൻ അനുവദിച്ച പ്രതി, നടന്ന സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി.
പെൺകുട്ടി സെന്റ് ജോൺസ് ആശുപത്രിയിലെത്തി ചികിത്സ തേടി. യുവതി ബംഗളൂരു സൗത്ത് ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബൈക്ക് ടാക്സി ബുക്ക് ചെയ്ത വിവരങ്ങൾ തേടിയ പൊലീസ് അറഫാത്തിനെയും മറ്റു പ്രതികളെയും പിടികൂടുകയായിരുന്നു. പീഡനസമയത്ത് വീട്ടിലുണ്ടായിരുന്ന മുഖ്യപ്രതിയുടെ പെൺസുഹൃത്ത് പൊലീസിന് തെറ്റായ വിവരം നൽകാൻ ശ്രമിച്ചതായും സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പി സി.കെ. ബാബ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.