'ഭാര്യയും രണ്ടുമക്കളും ഒപ്പമുണ്ട്, കൈയിൽ കിട്ടിയാൽ അവർ കൊന്നുകളയും, ഇനിയെങ്ങോട്ടു പോകുമെന്നറിയില്ല'; സംഘ്പരിവാർ ആക്രമണത്തിനിരയായ മലയാളി പാസ്റ്റർ

ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി പാസ്റ്റർ നേരിട്ടത് ക്രൂര മർദനം. ഛത്തീസ്ഗഡിലെ കവർധയിൽ ഇന്ത്യൻ മിഷനറി മൂവ്മെന്റിന്റെ ഹോളി കിങ്ഡം ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂൾ ഡയറക്ടറായ തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖരമംഗലം സ്വദേശി ജോസ് തോമസാണ് ബിജെപി, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ മർദനത്തിന് ഇരയായത്.

'ജീവനും കൊണ്ടോടിയതാണ്, കൈയിൽ കിട്ടിയാൽ അവർ കൊന്നുകളയും, ഇനിയെങ്ങോട്ടു പോകുമെന്നറിയില്ല’– പാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.

മെയ് 18 ഞായറാഴ്ച പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോഴായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് ജോസ് തോമസ് പറയുന്നതിങ്ങനെ: ‘1999 ൽ സ്ഥാപിച്ച ഹോളി കിങ്ഡം ജില്ലയിലെ ആദ്യത്തെ ഇംഗ്ലിഷ് സ്കൂളാണ്. ഏപ്രിൽ 28ന് ഒരു ബി.ജെ.പി നേതാവ് ബജ്‌രങ് നേതാക്കളുടെ മക്കളായ രണ്ടു വിദ്യാർഥികളുടെ ടി.സി നൽകണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടു. കുട്ടികൾക്ക് 1.5 ലക്ഷത്തിലേറെ രൂപ ഫീസ് കുടിശികയുണ്ടെന്നും അതു നൽകിയാൽ ടി.സി നൽകാമെന്നും പറഞ്ഞു.

പിന്നാലെ എ.സി.പിയും എ.സിയും വിളിച്ചു. ഫീസ് നൽകാതെ ടിസി നൽകാനാകില്ലെന്നു തീർത്തു പറഞ്ഞു. ഇതേത്തുടർന്നാണ് ആരാധാനാലയത്തിനു നേർക്ക് അക്രമണമുണ്ടായത്. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ പൊലീസിന്റെ മുന്നിലിട്ടു മർദിച്ചു. ഭാര്യയ്ക്കും മക്കൾക്കും മർദനമേറ്റു.

ആരാധനാലയം അടച്ചു പൂട്ടാമെന്നു രേഖാമൂലം എഴുതിനൽകണമെന്നു പൊലീസ് ആവശ്യപ്പെട്ടു. ഇതു നിഷേധിച്ചതോടെ രണ്ടു ദിവസത്തിന് ശേഷം മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിച്ചതിനു പിന്നാലെ കോടതി വളപ്പിലിട്ടും മർദിച്ചു. ഇനി കവർധയിലേക്ക് ചെന്നാൽ കൊല്ലുമെന്നാണു ഭീഷണി. ഭാര്യ ലിജി തോമസും രണ്ടു മക്കളും ഒപ്പമുണ്ട്. ഒരു മകൻ ഹൈദരാബാദിൽ പഠിക്കുന്നു. ഞങ്ങൾ ഇപ്പോൾ സുഹൃത്തുക്കളുടെ സഹായത്താൽ പലയിടത്തായി അഭയം തേടിയിരിക്കുകയാണ്'.- പാസ്റ്റർ ജോസ് തോമസ് പറഞ്ഞു.

Tags:    
News Summary - Malayali pastor brutally beaten in Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.