ട്രെയിൻ അപകടം: നിന്നുകത്തിയത് 900 ടൺ ഡീസൽ; 18 ടാങ്കർ വാഗണുകൾ പൂർണമായും കത്തിനശിച്ചു

ചെന്നൈ: തിരുവള്ളൂരിനടുത്തുള്ള ഏകത്തൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ച് കത്തി നശിച്ചത് 900 ടൺ ഡീസൽ. ട്രെയിനിന്റെ 52 ടാങ്കറുകളിൽ 18 എണ്ണം പൂർണമായും കത്തിനശിച്ചു. ഓരോ ടാങ്കറിലും 54 ടൺ ഇന്ധനമാണ് ഉണ്ടായിരുന്നത്.

മണാലിയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്ലാന്റിൽനിന്ന് ജോലാർപേട്ടയിലേക്ക് ഡീസലുമായി പോയ ഗുഡ്‌സ് ട്രെയിനിന് ഞായറാഴ്ച പുലർച്ച 5.20 ഓടെയാണ് തീപിടിച്ചത്. ഇതോടെ ട്രെയിൻ ഗതാഗതം താറുമാറായി. 15ഓളം എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചതായി സ്ഥലം സന്ദർശിച്ച ദക്ഷിണേന്ത്യൻ റെയിൽവേ മാനേജർ ആർ.എൻ. സിങ് അറിയിച്ചു.

അതിനിടെ തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയാണെന്നും സംശയമുയർന്നിട്ടുണ്ട്. സംഭവ സ്ഥലത്തിന് നൂറു മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതാണ് ഇതിന് കാരണമായത്. ചരക്ക് തീവണ്ടിയിലെ ടാങ്കറുകൾ ഒന്നിനു പിറകെ ഒന്നായി തീപിടിച്ചതോടെ മേഖലയിലെ ജനങ്ങൾക്ക് ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ട്രെയിനിൽനിന്ന് വൻ തോതിൽ തീയും പുകയും വാനോളം ഉയര്‍ന്നത് പ്രദേശത്ത് ആശങ്ക ഉയര്‍ത്തി.

ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തീപിടിത്തമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്. പത്തിലധികം ഫയര്‍ഫോഴ്സ് യൂനിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പൊലീസ്, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരുടെ സഹായത്തോടെ എട്ടു മണിക്കൂർ പരിശ്രമങ്ങൾക്കൊടുവിൽ ഉച്ചക്ക് രണ്ട് മണിയോടെയാണ് തീ പൂർണമായും അണക്കാനായത്.

സംഭവത്തെ തുടര്‍ന്ന് റെയിൽവെ ഗതാഗതം അവതാളത്തിലായി. ചെന്നൈ-അറക്കോണം റൂട്ടിൽ ഇരുദിശകളിലേക്കും ട്രെയിനുകൾ നിർത്തിവെച്ചു. കേരളത്തിൽനിന്നുള്ള പല ട്രെയിൻ സർവിസുകളെയും ബാധിച്ചു. മംഗലാപുരം ട്രെയിൻ തിരുവള്ളൂരിൽ നിർത്തിയിട്ടു. ട്രെയിനുകൾ പാതിവഴിയിൽ നിർത്തി. ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടതിനാൽ അറക്കോണത്ത് നിന്നും തിരുവള്ളൂരിൽ നിന്നും പ്രത്യേക ബസുകൾ സർവിസ് നടത്തി.

Tags:    
News Summary - Major fire guts 13 diesel-laden wagons of goods train in Tiruvallur, disrupts rail traffic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.