ആരോപണങ്ങൾ കെട്ടിച്ചമച്ചത്; വ്യവസായി സത്യവാങ്മൂലം ഒപ്പുവെച്ചത് തലക്കുമീതെ ചൂണ്ടിയ തോക്കിൻമുനയിൽ -മഹുവ മൊയ്ത്ര

ന്യൂഡൽഹി: ചോദ്യം ചോദിക്കുന്നതിന് കൈക്കൂലി വാങ്ങി എന്ന തരത്തിൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ഇന്ന് ഒരു സത്യവാങ്മൂലം മാധ്യമങ്ങൾക്ക് ചോർന്നു കിട്ടി. എന്നാൽ ഈ സത്യവാങ്മൂലം ലെറ്റർഹെഡില്ലാത്ത ഒരു വെളുത്ത കടലാസിലാണ്. ഇതിന് ഒരുതരത്തിലുള്ള ഔദ്യോഗിക സ്വഭാവമില്ലെന്നും ​മഹുവ മൊയ്ത്ര പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങളും അവർ ഉന്നയിച്ചു. ഹിരാനന്ദാനിയെ സി.ബി.ഐയോ എത്തിക്സ് കമ്മിറ്റിയോ അല്ലെങ്കിൽ ഏതെങ്കിലും അന്വേഷണ ഏജൻസിയോ ഇതുവ​രെ വിളിപ്പിച്ചിട്ടില്ല. അത് എന്തുകൊണ്ടാണെന്നും ​മഹുവ ചോദിച്ചു.

പിന്നെ ആർക്കാണ് ഈ സത്യവാങ്മൂലം നൽകിയത്? സത്യവാങ്മൂലം വെള്ളക്കടലാസിലാണ്, ഔദ്യോഗിക ലെറ്റർഹെഡിലോ നോട്ടറിയോ അല്ല. ഇന്ത്യയിലെ ഏറ്റവും ആദരണീയനായ അല്ലെങ്കിൽ വിദ്യാസമ്പന്നനായ ഒരു വ്യവസായി തന്റെ തലയിൽ മുകളിൽ ചൂണ്ടിയ തോക്കിൻമുനയിൽ നിന്നാണ് ഈ സത്യവാങ്മൂലത്തിൽ ഒപ്പുവെച്ചതെന്ന് പറയേണ്ടിവരും.

കത്തിലെ ഉള്ളടക്കവും തമാശയാണെന്ന് മഹുവ പറഞ്ഞു. ബി.ജെ.പിയുടെ ഐ.ടി സെല്ലിലെ ക്രിയേറ്റീവ് റൈറ്ററായി ഇരട്ടത്താപ്പുള്ള പി.എം.ഒയിലെ ചില അർധബുദ്ധികളാണ് ഇത് തയാറാക്കിയിരിക്കുന്നത്. സിറിൽ ഷ്രോഫിന്റെ സഹോദരനാണ് ഷാർദുൽ ഷ്രോഫ്. ഷ്രോഫ് അദാനിയുടെ സുഹൃത്ത് ആണ്. സെബിയുടെ കമ്മിറ്റിയിലും ഉണ്ടായിരുന്നു. കേന്ദ്ര സർക്കാർ നിരന്തരം ഉന്നമിടുന്നവരാണ് രാഹുൽ ഗാന്ധിയും ശശി തരൂരും. സർക്കാരിനെ എപ്പോഴും തുറന്നുകാട്ടുന്ന അന്വേഷണാത്മക പത്രപ്രവർത്തകയാണ് സുചേത ദലാൽ.-മഹുവ തുടർന്നു.

ദർശനും അയാളുടെ പിതാവും ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് നടത്തുകയാണ്.യു.പിയിലും ഗുജറാത്തിലും അവരുടെ ബിസിനസ് സംരംഭങ്ങൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രിയുടെ ബിസിനസ് പ്രതിനിധി സംഘത്തിന്റെ ഭാഗമായി ദർശൻ വിദേശയാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. കേന്ദ്രസർക്കാരിലെ എല്ലാ മന്ത്രിമാരിലും പി.എം.ഒ ഓഫിസിലും സ്വാധീനമുള്ള ഒരാളെ പ്രതിപക്ഷ എം.പിയായ ഒരാൾക്ക് സമ്മാനങ്ങൾ നൽകാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനും നിർബന്ധിക്കുന്നത് എന്തിനായിരിക്കുമെന്നും മഹുവ മൊയ്ത്ര ചോദിച്ചു.

യുക്തിരഹിതമായ ഒന്നാണിത്. ഈ കത്ത് തയാറാക്കിയത് ദർശനല്ല, പി.എം.ഒ ആണെന്ന സത്യം ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി. ആരോപണങ്ങളെ കുറിച്ച് ദർശൻ പത്രസമ്മേളനം നടത്താത്തത് എന്തുകൊണ്ടാണ്. ഇതു സംബന്ധിച്ച് ഒരു ട്വീറ്റ് പോലും അ​യാൾ നടത്തിയിട്ടില്ല. അയാളുടെ കമ്പനിയും പ്രതികരിച്ചില്ല. അദാനി വിഷയത്തിൽ തന്റെ വായടപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നത് വ്യക്തമാണെന്നും മഹുവ പറഞ്ഞു. ബിസിനസ് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദർശനെ കൊണ്ടു കത്ത് തയാറാക്കിച്ചത്. യു.പിയിൽ മാത്രം 30,000 കോടിയിലധികം നിക്ഷേപമുണ്ട് അവർക്ക്. അവ അവസാനിക്കുമെന്നും സി.ബി.ഐ റെയ്ഡ് ചെയ്യുമെന്നും എല്ലാ സർക്കാർ ബിസിനസുകളും നിർത്തുമെന്നും എല്ലാ പൊതുമേഖലാ ബാങ്കുകളുടെ ധനസഹായവും ഉടൻ നിർത്തുമെന്നും അവരെ ഭീഷണിപ്പെടുത്തി. ഇത് ബി.ജെ.പി സർക്കാരിന്റെ പതിവ് രീതിയാണെന്നും മഹുവ മൊയ്ത്ര വിമർശിച്ചു.

തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്ര തന്റെ പാർലമെന്റ് ലോഗിനും പാസ്‌വേഡും ആവശ്യമുള്ളപ്പോൾ തനിക്ക് വേണ്ടി നേരിട്ട് പോസ്റ്റ് ചെയ്യാൻ തനിക്ക് കൈമാറിയെന്ന് ദുബായ് ആസ്ഥാനമായുള്ള വ്യവസായി ഹിരാനന്ദാനി പറഞ്ഞതിന് പിന്നാലെയാണ് മഹുവ ചോദ്യങ്ങളുമായി എത്തിയത്.

Tags:    
News Summary - Mahua Moitra points finger at PMO in ‘cash for query’ row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.