2026ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പുതുക്കൽ വേളയിൽ ഉത്തർപ്രദേശിലെ മേഹാബ ജില്ലയിൽ ആയിരക്കണക്കിന് വോട്ടർമാരെ ഒരൊറ്റ വീട്ടു വിലാസത്തിൽ ചേർത്ത വിവരങ്ങൾ പുറത്തുവരികയുണ്ടായി. ചിലപ്പോൾ ഡാറ്റ എൻട്രിയിലെ പിഴവു മൂലമാകാം ഇത് സംഭവിച്ചത്. എന്നാൽ അതിനെതിരെ പ്രതിഷേധം ആളിക്കത്തി. തുടർന്ന് തെരഞ്ഞെടുപ്പ് രേഖകളുടെ വിശ്വാസ്യതയെയും ജനാധിപത്യം സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തത്തെ കുറിച്ചും ആശങ്കകൾ വർധിക്കുകയും ചെയ്തു.
ജയ്ത്പൂർ ഗ്രാമപഞ്ചായത്തിലെ കരട് വോട്ടർ പട്ടികയിൽ 803ാം നമ്പർ വീട്ടിൽ രജിസ്റ്റർ ചെയ്ത 4,271 വോട്ടർമാരെ കണ്ടെത്തി. ആ ഗ്രാമത്തിലെ ആകെ വോട്ടർമാരുടെ നാലിലൊന്ന് വരുമിത്. ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ വീടുതോറും പരിശോധനയ്ക്കായി പോയപ്പോഴാണ് പിശക് കണ്ടെത്തിയത്.
എന്നാൽ വോട്ടർമാരുടെ പേരിൽ കൃത്രിമത്വം ഇല്ലെന്നും വിലാസങ്ങൾ മാത്രമാണ് തെറ്റായി ചേർത്തിരിക്കുന്നതെന്നും ആ തെറ്റുകൾ തിരുത്തുകയാണെന്നും ജില്ല അസിസ്റ്റൻറ് തെരഞ്ഞെടുപ്പ് ഓഫിസർ ആർ.പി. വിശ്വകർമ പറഞ്ഞു. ഡാറ്റ എൻട്രിയിലെ പിഴവും ഗ്രാമീണരുടെ അവ്യക്തമായ രേഖകളുമാണ് ഇതിന് കാരണമെന്നും വിശ്വകർമ കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ഇതിനെ ചോദ്യം ചെയ്യുകയാണ്.
ജയ്ത്പൂരിന് സമീപത്തെ പൻവാരി പട്ടണത്തിൽ, 996ാം നമ്പർ വീട്ടിൽ 243 പേരെയും 13ാം വാർഡിലെ 997ാം നമ്പർ വീട്ടിൽ 185 പേരെയും കാണിച്ചിരുന്നു. അഞ്ചോ ആറോ അംഗങ്ങളുള്ള വീടുകളിൽ പെട്ടെന്നാണ് വോട്ടർമാരുടെ എണ്ണം ഇരട്ടിച്ചത്. ഇത് വെറുമൊരു പിശകല്ലെന്നും പട്ടികകൾ സൂക്ഷിക്കുന്നതിലെ ഉത്തരവാദിത്തമില്ലായ്മയാണ് കാണിക്കുന്നതെന്നും ഒരു വീട്ടിൽ എല്ലാ ജാതിയിൽ നിന്നു സമുദായത്തിൽ നിന്നുമുള്ള വോട്ടർമാർ ഉണ്ടാകുമ്പോൾ അത് വ്യവസ്ഥയിലുള്ള വിശ്വാസം നശിപ്പിക്കുന്നുവെന്നും സാമൂഹിക പ്രവർത്തകൻ ചൗധരി രവീന്ദ്ര കുമാർ ചൂണ്ടിക്കാട്ടി.
ഈ വെളിപ്പെടുത്തലുകൾ വോട്ടർമാരുടെ കൃത്രിമത്വം സംബന്ധിച്ച ഭയം വർധിപ്പിച്ചിട്ടുണ്ട്. ഇത്രയും പരിധി വരെ വിലാസങ്ങൾ തെറ്റായി കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ വോട്ടുകൾ ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് ആർക്കാണ് ഉറപ്പ് നൽകാൻ കഴിയുകയെന്ന് മറ്റൊരാൾ ചോദിച്ചു
ഭരണകക്ഷിയായ ബി.ജെ.പി തെരഞ്ഞെടുപ്പുകളിൽ തങ്ങൾക്ക് ഗുണം ചെയ്യുന്ന ക്രമക്കേടുകൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചു. ഒരു വീട്ടിൽ ആയിരക്കണക്കിന് വോട്ടർമാരെ കാണിക്കുന്നത് ഒരു തെറ്റല്ല. മറിച്ച് ഭരണ പരാജയമാണ്. താഴെത്തട്ടിലുള്ള ജനാധിപത്യത്തെ തകർക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നുവെന്ന് സമാജ് വാദി പാർട്ടി വക്താവ് രാജീവ് റായ് പറഞ്ഞു.
കോൺഗ്രസും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷനോട് വിശദീകരണം തേടിയിട്ടുണ്ട്. മഹോബയിൽ ഇത് സംഭവിക്കാമെങ്കിൽ മറ്റ് ജില്ലകളിലെ വോട്ടെടുപ്പ് കൃത്യമാണെന്ന് എന്താണ് ഉറപ്പ്? ഇത്രയും മോശം തയ്യാറെടുപ്പോടെ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും കോൺഗ്രസ് നേതാവ് ആരാധന മിശ്ര ഉറപ്പിച്ചു പറഞ്ഞു. ഡിജിറ്റലൈസേഷൻ സമയത്ത് കാലഹരണപ്പെട്ട റെക്കോർഡ് സൂക്ഷിക്കലും ഡാറ്റ മൈഗ്രേഷൻ വീഴ്ചയും സംഭവിച്ചതായി ജില്ല ഉദ്യോഗസ്ഥർ വാദിക്കുന്നു.
വീട്ടു നമ്പറുകൾ ഉപവിഭാഗങ്ങളായി വിഭജിച്ച് വിലാസങ്ങൾ വീണ്ടും ഉണ്ടാക്കാൻഅവർ ഇപ്പോൾ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മഹോബയിലെ വോട്ടർ പട്ടികയിൽ നിന്ന് ഒരു ലക്ഷത്തിലധികം സംശയാസ്പദമായ എൻട്രികൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ പ്രശ്നം ഉയർന്നുവന്നത്. അതിൽ ജയ്ത്പൂർ, പൻവാരി, കബ്രായ്, ചർഖാരി എന്നിവിടങ്ങളിലായി ആയിരക്കണക്കിന് വ്യാജ വോട്ടർമാരും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.