നാഗ്പൂർ: മുസ്ലിം വിഭാഗത്തിലെ വിദ്യാർഥിനിക്ക് മതത്തിന്‍റെ പേരിൽ സ്കൂളിൽ പ്രവേശനം നിഷേധിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ സ്കൂളിൽ നടന്ന സംഭവത്തിൽ കേസെടുത്തു. മുസ്ലിം സമുദായത്തിൽ നിന്നുള്ള പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിക്കാൻ ദയാനന്ദ് ആര്യ കന്യ വിദ്യാലയത്തിലെ സ്കൂൾ സെക്രട്ടറി രാജേഷ് ലാൽവാനി ജീവനക്കാർക്ക് നിർദേശം നൽകി. മെയ് എട്ടിന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആറാം ക്ലാസിൽ പ്രവേശനത്തിനായി സ്കൂളിനെ സമീപിച്ചെങ്കിലും ഒഴിവുകളില്ലെന്നായിരുന്നു സ്കൂളിന്‍റെ ഭാഗത്ത് നിന്നുള്ള മറുപടി.
മുസ്ലിം സമുദായത്തിൽ നിന്നുള്ള വിദ്യാർഥികളെ പ്രവേശിപ്പിക്കരുതെന്ന് സ്കൂൾ സെക്രട്ടറിയും ട്രസ്റ്റിയുമായ രാജേഷ് ലാൽവാനി ജീവനക്കാർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്ന വിവരം അസിസ്റ്റന്റ് അധ്യാപികയായ സുമൻ മസന്ദ് ആണ് കണ്ടെത്തിയത്. തുടർന്ന് പ്രധാനധ്യാപികയെ വിവരം അറിയിക്കുകയും മഹാരാഷ്ട്ര സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ പരാതി നൽകുകയും ചെയ്തു. ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
സെക്രട്ടറി രാജേഷ് ലാൽവാനി, അഡ്മിഷൻ ഇൻ-ചാർജ് സിമ്രാൻ ഗ്യാൻചന്ദാനി, അധ്യാപിക അനിത ആര്യ എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 299 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മുസ്ലിം വിദ്യാർഥിനിയുടെ പ്രവേശന നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്ര സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം പ്യാരെ ഖാനും വിഷയത്തിൽ പ്രതികരിച്ചു. 'വിദ്യാഭ്യാസം എല്ലാവർക്കും വേണ്ടിയുള്ളതാണ്. അതിൽ വിവേചനത്തിന് സ്ഥാനമില്ല. വിഷയത്തിൽ നടപടിയെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്. വിദ്യാർഥിനികൾക്ക് ഉടൻ പ്രവേശനം ലഭിക്കുന്നുണ്ടെന്ന് കമ്മീഷൻ ഉറപ്പാക്കും' അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു.
സമാജ്‌വാദി പാർട്ടി എം.എൽ.എ റൈസ് ഷെയ്ഖും നടപടിയിൽ പ്രതികരിച്ച് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.