സുപ്രിയ സുലെയെ 'ഭിക്ഷക്കാരി'യെന്ന് അധിക്ഷേപിച്ച് മഹാരാഷ്ട്ര മന്ത്രി; വിവാദമായതോടെ മാപ്പ് പറഞ്ഞ് ഷിൻഡെ വിഭാഗം

മുംബൈ: എൻ.സി.പിയുടെ ജനകീയ നേതാവും എം.പിയുമായ സുപ്രിയ സുലെക്കെതിരെ മഹാരാഷ്ട്ര മന്ത്രി അബ്ദുൽ സത്താർ നടത്തിയ അധിക്ഷേപ പരാമർശം വിവാദത്തിൽ. ഷിൻഡെ വിഭാഗം എം.എൽ.എമാർക്ക് 50 കോടി കോഴ വാഗ്‌ദാനം ചെയ്‌തുവെന്ന ആരോപണത്തെ കുറിച്ച് മറാത്ത വാർത്താ ചാനൽ ലോക്ഷാഹിയുടെ അഭിമുഖത്തിനിടെ ഉയർന്ന ചോദ്യത്തിനാണ് സുലെക്കെതിരായ മോശം പരാമർശത്തിലൂടെ മന്ത്രി പ്രതികരിച്ചത്.

സത്താർ അടക്കമുള്ള ഷിൻഡെ പക്ഷത്തെ എം.എൽ.എമാർ ശിവസേനയിൽ നിന്ന് കൂറുമാറാൻ 50 കോടി കൈപ്പറ്റിയോയെന്ന ആരോപണം സുപ്രിയ സുലെ ഉന്നയിച്ചിരുന്നു. ഈ ചോദ്യത്തിന് മറുപടി പറഞ്ഞ സത്താർ 'നിങ്ങൾക്കും അത് വേണോ?' എന്ന് മറുചോദ്യം ചോദിച്ചു. ഇതിനോട് പ്രതികരിച്ച സുലെ "നിങ്ങൾക്ക് പെട്ടികൾ ലഭിച്ചിരിക്കാം, അതാണ് നിങ്ങൾ അവ ഞങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്" എന്ന് തിരിച്ചടിച്ചു. ഇതിന് മറുപടിയായി 'സുപ്രിയ സുലെ ഇങ്ങനെ ഒരു ഭിക്ഷക്കാരി ആയിപ്പോയെങ്കിൽ ഞങ്ങൾ അവർക്കും കൊടുക്കു'മെന്നാണ് മന്ത്രി സത്താർ അഭിമുഖത്തിൽ പറഞ്ഞത്.

അധിക്ഷേപ പരാമർശത്തിന് പിന്നാലെ മന്ത്രി അബ്ദുൽ സത്താറിനെതിരെ വലിയ പ്രതിഷേധവുമായി എൻ.സി.പി നേതാക്കളും പ്രവർത്തകരും രംഗത്തെത്തി. പ്രകോപിതരായ പ്രവർത്തകർ സത്താറിന്‍റെ മുംബൈയിലെ വസതിക്ക് നേരെ കല്ലെറിഞ്ഞു. രാജ്യത്തെ സ്ത്രീ സമൂഹത്തെയാകെ മന്ത്രി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സബർബൻ മുംബൈയിലെ ബോറിവാലി പൊലീസ് സ്റ്റേഷനിൽ പാർട്ടി പ്രവർത്തകർ മന്ത്രിക്കെതിരെ പരാതിയും നൽകി. പാർട്ടി എം.പിയും ശരത് പവാറിന്‍റെ മകളുമായ സുപ്രിയ സുലെയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി എൻ.സി.പിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പരാമർശം വിവാദമായതോടെ ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗം വക്താവ് ദീപക് കേസ്കർ മാപ്പ് പറഞ്ഞു. വക്താവ് എന്ന നിലയിൽ അബ്ദുൾ സത്താറിന് വേണ്ടി ക്ഷമാപണം നടത്തുന്നു. ശരത് പവാറിനെയും സുപ്രിയ സുലെയെയും ഞങ്ങൾ ബഹുമാനിക്കുന്നു. വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ മന്ത്രി രാജിവെക്കില്ലെന്നും കേസ്കർ വ്യക്തമാക്കി.

2014ൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് സർക്കാറിൽ മന്ത്രിയായിരുന്ന അബ്ദുൾ സത്താർ 2019ലാണ് ശിവസേനയിൽ ചേർന്നത്. ശിവസേന പിളർന്നതോടെ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനൊപ്പം ചേർന്നു. തുടർന്ന് ഷിൻഡെ വിഭാഗവും ബി.ജെ.പിയും ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ചപ്പോൾ മന്ത്രിസഭയിൽ അംഗമായി.

Tags:    
News Summary - Maharashtra minister abuses Supriya Sule on TV, Shinde camp issues apology after NCP protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.