ആയുധപൂജ: ഫേസ്ബുക് പോസ്റ്റിട്ട ഹിന്ദുമക്കള്‍ കക്ഷി നേതാവിനെതിരെ കേസ്

കോയമ്പത്തൂര്‍: തോക്ക്, കത്തി, അരിവാള്‍ തുടങ്ങിയ മാരകായുധങ്ങള്‍വെച്ച് ആയുധപൂജ നടത്തിയ ഹിന്ദുമക്കള്‍ കക്ഷി പ്രസിഡന്‍റ് അര്‍ജുന്‍ സമ്പത്തിനെതിരെ കേസ്. സിറ്റി പൊലീസിലെ സൈബര്‍ ക്രൈം സെല്ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നഗരത്തിലെ ഉക്കടം-ചുണ്ടക്കാമുത്തൂര്‍ ബൈപാസ് റോഡിലെ അപ്പാര്‍ട്ട്മെന്‍റില്‍ നടത്തിയ ആയുധപൂജയുടെ ചിത്രമാണ് അര്‍ജുന്‍ സമ്പത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ അര്‍ജുന്‍ സമ്പത്ത് പോസ്റ്റ് പിന്‍വലിച്ചു.

രണ്ട് തോക്ക്, കത്തികള്‍, വാളുകള്‍ തുടങ്ങിയവ നിരത്തിവെച്ചായിരുന്നു പൂജ. ഇതില്‍ ഒരു തോക്ക് അര്‍ജുന്‍ സമ്പത്തിന്‍െറ സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരന്‍ എസ്. മുത്തുവിന്‍െറതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ജുന്‍ സമ്പത്തിന്‍െറ വീട്ടിലേക്ക് പെട്രോള്‍ ബോംബേറ് നടന്നതിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

മതസ്പര്‍ധ സൃഷ്ടിക്കല്‍, ഇന്ത്യന്‍ ആയുധ നിയമം തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്. കോയമ്പത്തൂര്‍ ജില്ലാ ഐക്യ ജമാഅത്ത് ഉള്‍പ്പെടെ വിവിധ മുസ്ലിം സംഘടനകളും പെരിയാര്‍ ദ്രാവിഡ കഴകവും സമ്പത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം കോയമ്പത്തൂരില്‍, ഐ.എസ് ബന്ധത്തെക്കുറിച്ച് എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തിന്‍െറ ദിശ മാറ്റുന്നതിന്‍െറ ഭാഗമായാണ് തനിക്കെതിരെ പൊലീസില്‍ പരാതികള്‍ നല്‍കുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അര്‍ജുന്‍ സമ്പത്ത് അറിയിച്ചു.

Tags:    
News Summary - maharashtra high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.