മഹാരാഷ്ട്ര: തർക്കം അവസാനിക്കുന്നില്ല

മുംബൈ: മഹാരാഷ്ട്രയിൽ ഭരണസഖ്യമായ മഹായൂത്തിയിലും പ്രതിപക്ഷസഖ്യമായ മഹാവികാസ്​ അഘാഡിയിലും (എം.വി.എ) സീറ്റുതർക്കം തുടരുന്നു. നിലവിൽ മഹായൂത്തിയിൽ ബി.ജെ.പി 24 സീറ്റിലേക്കും ഏക്​നാഥ്​ ഷിൻഡെ പക്ഷ ശിവസേന എട്ടു​ സീറ്റിലേക്കും അജിത്​ പവാർ പക്ഷ എൻ.സി.പി ഒരു സീറ്റിലേക്കും സ്ഥാനാർഥികളായി​. വ്യാഴാഴ്ചയാണ്​ ഷിൻഡെ പക്ഷം ആദ്യ പട്ടിക പുറത്തുവിട്ടത്​.

ഷിൻഡെയുടെ മകൻ സിറ്റിങ്​ എം.പിയായ കല്യാൺ, നാസിക്​ മണ്ഡലങ്ങൾ ആദ്യ ലിസ്റ്റിലില്ല. ഈ രണ്ടു​ മണ്ഡലങ്ങളിലും ബി.ജെ.പി സമ്മർദം ചെലുത്തുന്നു. നാസിക്കിൽ അജിത്​ പക്ഷ മന്ത്രിയും ഒ.ബി.സി നേതാവുമായ ചഗൻ ഭുജ്​ബലിനെ മത്സരിപ്പിക്കാനാണ്​ ബി.ജെ.പി ആഗ്രഹിക്കുന്നത്​. മറാത്തകൾക്ക്​ ഒ.ബി.സി സംവരണം നൽകാനുള്ള ഷിൻഡെയുടെ നീക്കത്തെ ബി.ജെ.പി ഭുജ്​ബലിലൂടെയാണ്​ അട്ടിമറിച്ചതെന്നത്​ ശ്രദ്ധേയമാണ്​. അജിത്​ പക്ഷം റായ്ഗഢിൽ സുനിൽ തട്​കരെയുടെ പേര്​ മാത്രമാണ്​ പ്രഖ്യാപിച്ചത്​. ബാരാമതിയിൽ അജിതിന്റെ ഭാര്യ സുനേത്രയുടെ പേര്​ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അമരാവതിയിൽ സ്വതന്ത്ര സിറ്റിങ്​ എം.പിയും മുൻ നടിയുമായ നവ്​നീത്​ റാണക്ക്​ ബി.ജെ.പി ടിക്കറ്റ്​ നൽകിയത്​ ഷിൻഡെ പക്ഷത്തെ ചൊടിപ്പിച്ചു. നവ്​നീതിനെ പിന്തുണക്കില്ലെന്ന്​ പ്രദേശത്തെ ഷിൻഡെ പക്ഷ നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്​.

അതേസമയം, എം.വി.എയിൽ ഉദ്ധവ്​പക്ഷ ശിവസേനയും കോൺഗ്രസും തമ്മിലെ തർക്കം മുറുകി. കോൺഗ്രസുമായി തർക്കത്തിലിരിക്കുന്ന സാൻഗ്ലി​, മുംബൈ നോർത്ത്​ വെസ്റ്റ്​ അടക്കം 17 സീറ്റുകളിലേക്ക്​ ഉദ്ധവ്​പക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്​ തർക്കത്തിന്​ ആക്കംകൂട്ടി. വ്യാഴാഴ്ച രാത്രിയിലും പവാറും ഉദ്ധവുമടക്കമുള്ള മുതിർന്ന നേതാക്കൾ ചർച്ച നടത്തി. കോൺഗ്രസ്​ ഇതുവരെ 13 സീറ്റുകളിലേക്ക്​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്​. ഉദ്ധവ്​ പക്ഷം 22, കോൺഗ്രസ്​ 16, പവാർ പക്ഷ എൻ.സി.പി 10 എന്നിങ്ങനെയാണ്​ സീറ്റുവിഭജനം. പ്രകാശ്​ അംബേദ്​കറുടെ വഞ്ചിത്​ ബഹുജൻ അഘാഡി കൂടെ ചേർന്നാൽ ഉദ്ധവ്​ പക്ഷം അവരുടെ പങ്കിൽനിന്ന്​ സീറ്റ്​ നൽകണം. പ്രകാശ്​ നിലവിൽ എട്ടു​ സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്​.​

Tags:    
News Summary - maharashtra election MVA versus Mahayuti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.