ചെന്നൈ: രണ്ടര കോടിയിലധികം രൂപയുടെ ബി.എസ്.എൻ.എൽ ടെലിഫോൺ ബിൽ കുടിശ്ശിക അടക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ യോഗാചാര്യൻ ജഗ്ഗി വാസുദേവിന്‍റെ ഇഷ ഫൗണ്ടേഷന് അനുകൂലമായി തീർപ്പ് കൽപിച്ച ആർബിട്രേറ്ററുടെ ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി. കേസിൽ പുനരന്വേഷണം നടത്തുന്നതിനും ജസ്റ്റിസ് ശെന്തിൽകുമാർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവട്ടു..
2018 ഡിസംബർ ഒന്നിനും 31നും ഇടക്കുള്ള കാലയളവിലെ 20,18,198 രൂപയുടെയും 2019 ജനുവരി ഒന്നു മുതൽ ഫെബ്രുവരി ഒന്നു വരെയുള്ള കാലയളവിലെ 2,30,29,264 രൂപയുടെയും ബില്ലുകളാണ് അടക്കാത്തത്.
ഇതുമായി ബന്ധപ്പെട്ട് ഇഷ ഫൗണ്ടേഷൻ കോടതിയെ സമീപിച്ചു. തുടർന്ന് ആർബിട്രേറ്ററായി നിയമിച്ച ജസ്റ്റിസ് ഇ. പത്മനാഭൻ രണ്ട് ബില്ലുകളും റദ്ദാക്കി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ ബി.എസ്.എൻ.എൽ നൽകിയ അപ്പീൽ ഹരജിയിന്മേലാണ് ആർബിട്രേറ്ററുടെ തീരുമാനം ഹൈകോടതി റദ്ദാക്കിയത്. സ്വകാര്യ എക്‌സ്‌ചേഞ്ച് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഇത്രയും വലിയ കാളുകൾ ചെയ്യാൻ സാധ്യതയില്ലെന്നുമാണ് ഈഷ ഫൗണ്ടേഷൻ വാദിച്ചത്.
ഇഷ ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്ന എക്‌സ്‌ചേഞ്ചിൽ കാളുകൾ വിളിക്കുകയും ബില്ലുകൾ കൈപ്പറ്റുകയും ചെയ്‌തതിനുശേഷം കാളുകൾ ചെയ്തില്ലെന്ന കാരണം പറഞ്ഞ് ബാധ്യത നിഷേധിക്കാനാവില്ലെന്ന് ബി.എസ്.എൻ.എൽ വാദിച്ചു. നിരവധി ആധികാരികമായ സാങ്കേതിക-ഡിജിറ്റൽ തെളിവുകൾ ആർബിട്രേറ്റർ കണക്കിലെടുത്തില്ലെന്നും പകരം ജഗ്ഗി വാസുദേവിന്‍റെ പ്രസ്താവനയിൽ വിശ്വാസമർപ്പിച്ച് യുക്തിരഹിതവും ഏകപക്ഷീയവുമായ കാരണങ്ങൾ പറഞ്ഞ് ബില്ലുകൾ റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നുവെന്നും ബി.എസ്.എൻ.എൽ ബോധിപ്പിച്ചു. 25 ദിവസത്തിന് രണ്ടര കോടിയുടെ ബില്ല് വന്നത് ബി.എസ്.എൻ.എല്ലിന്‍റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്ന് ഇഷ ഫൗണ്ടേഷന്‍ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.