ന്യൂഡൽഹി: മഴയും ഇടിമിന്നലും ശക്തമായതോടെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയ 15 വിമാനങ്ങൾ തിങ്കളാഴ്ച വഴിതിരിച്ചുവിട്ടു. ഇതിൽ 12 വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ട് വിമാനങ്ങൾ ചണ്ഡിഗഢിലേക്കും ഒരു വിമാനം ലഖ്‌നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. ജയ്പൂരിലേക്ക് തിരിച്ചുവിട്ട വിമാനങ്ങളിൽ മൂന്നെണ്ണം രാജ്യാന്തര സർവീസുകളാണ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചില പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് മേഖലകളിൽ മിതമായ മഴക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സൗത്ത് ഈസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി, ഷഹ്ദര, സെൻട്രൽ ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ന്യൂഡൽഹി, സൗത്ത് വെസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, നോർത്ത് ഡൽഹി എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ചക്ക് ശേഷം ഡൽഹിയിൽ മഴയുടെ തീവ്രത കുറയുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച ചിലയിടങ്ങളിൽ വളരെ നേരിയ മഴക്കും ബുധനാഴ്ച ചില പ്രദേശങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ട്. ഉച്ചക്കുശേഷം ഒറ്റപ്പെട്ട ഇടങ്ങളിൽ മിതമായ മഴയും ലഭിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.