ചെന്നൈ: മേഡ് ഇൻ ഇന്ത്യ ഇലക്ട്രിക് ബാറ്ററി ട്രെയിൻ മൂന്നു വർഷത്തിനകം ന്യൂസിലൻറിന്റെ ട്രാക്കിലൂടെ ഓടും. നിലവിൽ ഡീസൽ എഞ്ചിനുള്ള ട്രെയിനുകളാണ് ഇവിടെ ഓടുന്നത്. വൈകാതെ ഇവയെ ഒഴിവാക്കി പകരം ഇലക്ട്രിക് ബാറ്ററി കൊണ്ട് ഓടുന്ന ട്രെയിനുകൾ നിർമിക്കാനുള്ള കരാർ ലഭിച്ചത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് കമ്പനിക്കാണ്.
ഫ്രാൻസിലെ പ്രമുഖ ട്രെയിൻ നിർമാതാക്കളായ ആൽസ്റ്റോം തങ്ങളുടെ ഗുജറാത്തിലെയും തമിഴ്നാട്ടിലെയും പ്ലാൻറുകളിലാണ് ട്രെയിൻ നിർമിക്കുക. 2028-29 ഓടെ രാജ്യത്തെ ഡീസൽ എഞ്ചിനുള്ള ട്രെയിനുകൾ പൂർണമായും ഒഴിവാക്കി പകരം ഇലക്ട്രിക് ട്രെയിനുകൾ ഓക്കാനുള്ള നീക്കമാണ് ന്യൂസിലന്റ് ഗവൺമെൻറ് നടത്തുന്നത്.
അഞ്ച് കംപാർട്മെൻറുകൾ വീതമുള്ള 16 ട്രെയിനുകളാണ് ആദ്യം നിർമിക്കുക. തമിഴ്നാട്ടിൽ കോയമ്പത്തൂരിലും ചെന്നൈയിലുള്ള പ്ലാൻറുകളിലായിരിക്കും നിർമാണം നടക്കുക.
എഞ്ചിൻ നിർമാണം കോയമ്പത്തുരിലും ബാറ്ററി ഗുജറാത്തിലെ മനേജയിലും നിർമിക്കും. അസംബിങ് നടക്കുക ഗുജറാത്തിലെ സാവ്ലിയിലും. ചെന്നൈയിലെ ശ്രീ സിറ്റിയിലും കമ്പനിയുടെ പ്ലാൻറിൽ നിർമാണം നടക്കും.
സീറോ എമിഷൻ ട്രെയിനുകൾ നിർമിക്കുന്നതിൽ പ്രശസ്തമായ ആൽസ്റ്റോമിന്റെ തെക്കൻ അർദ്ധ ഗോളത്തിലെ ഭൂഖണ്ഡങ്ങളിലേക്കുള്ള ആദ്യ പ്രവേശനം കൂടിയായിരിക്കും ഇത്. ഒപ്പം മറ്റ് ചില ഓർഡുകളിലുള്ള നിർമാണവും കമ്പനി ഇന്ത്യയിൽ നടത്തും. ബെമു ട്രെയിനുകളും ഐറിഷ് റയലിനു വേണ്ടി 31 ട്രെയിനുകളുമാണ് കമ്പനി നിലവിൽ നിർമിക്കുന്നത്.
തിങ്കളാഴ്ച കമ്പനിക്ക് 53.8 കോടി പൗണ്ടിന്റെ ഓർഡറാണ് ഗ്രേറ്റർ വെല്ലിങ്ടൺ റീജണൽ കൗൺസിലിൽ നിന്ന് ലഭിച്ചത്. 18 ബെമു ട്രെയിനുകൾ നിർമിക്കാനും 35 വർഷത്തേക്ക് അറ്റകുറ്റപ്പണികൾ നടത്താനുമുള്ള കരാറാണ് കമ്പനിക്ക് ലഭിച്ചത്. പണം മുടക്കുന്നത് ന്യൂസിലൻറ് ഗവൺമെൻറാണ്.
ന്യൂസിലൻറിന്റെ സംസ്കാരിക തനിമ അടയാളപ്പെടുത്തുന്ന ഡിസൈൻ ആയിരിക്കും ട്രെയിനുകൾക്കുണ്ടാവുകയെന്ന് കമ്പനിയുടെ റിലീസിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.