ആൾക്കൂട്ടകൊല ഭാരതത്തിന്​ അന്യം; രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന്​ മോഹൻ ഭാഗവത്​

നാഗ്​പൂർ: രാജ്യത്ത്​ നടക്കുന്ന അതിക്രമങ്ങളെ ആൾക്കൂട്ടകൊലകളായി ചിത്രീകരിച്ച്​ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്ന്​ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍.എസ്.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ്പുരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ മുഴുവന്‍ ആള്‍കൂട്ടക്കൊലകളായി വ്യാഖ്യാനിക്കുന്നത് രാജ്യത്തെയും ഹിന്ദുസമൂഹത്തെയും അപമാനിക്കാനും മറ്റുസമൂഹങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താനും ഉദ്ദേശിച്ചാണ്. ആൾക്കൂട്ടകൊല എന്നത്​ പാശ്ചാത്യ നിർമിതിയാണ്​. ഭാരതത്തെ സംബന്ധിച്ചിടത്തോളം ആള്‍കൂട്ടക്കൊല എന്നത് അന്യമാണ്. അത്തരം പ്രയോഗങ്ങൾ ഇന്ത്യക്കാരിൽ അടിച്ചേൽപ്പിക്കാൻ അനുവനിക്കില്ലെന്നും ഭാഗവത്​ പറഞ്ഞു.

വികസിത ഭാരതം ചില നിക്ഷിപ്ത താത്പര്യക്കാരില്‍ ഭയം ജനിപ്പിക്കുന്നു. അവര്‍ ഒരിക്കലും രാജ്യം സുശക്തവും ഊര്‍ജ്വസ്വലവുമായി തീരാന്‍ ആഗ്രഹിക്കുന്നില്ല. വൈവിധ്യമാണ് രാജ്യത്തി​​​െൻറ ആന്തരികമായ കരുത്ത്. എന്നാല്‍ ജാതി, മതം, ഭാഷ, ദേശം എന്നിവയിലുള്ള വൈവിധ്യം ചില നിക്ഷിപ്ത താത്പര്യക്കാര്‍ ജനങ്ങളെ തമ്മിലകറ്റാനായി ഉപയോഗിക്കുന്നു. ഇത്തരക്കാരുടെ താത്പര്യങ്ങള്‍ തിരിച്ചറിയാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ബൗദ്ധികവും സാമൂഹികവുമായ മാര്‍ഗത്തില്‍ കൂടി ഇവരെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങള്‍ എന്തായാലും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ നടന്നാലും ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്ന് സമൂഹം പ്രവര്‍ത്തിക്കേണ്ടതുണ്ട്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിക്കണം. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം. സംഭാഷണങ്ങളും പരസ്പര സഹകരണവും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള സൗഹാര്‍ദ്ദത്തിനും ഐക്യത്തിനും സഹകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ടത് തികച്ചും പ്രധാനമാണ്. സ്വയംസേവകര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കണമെന്നും മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു.

കശ്മീരിന് പ്രത്യേകാധികാരങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത്ഷായേയും മോഹന്‍ ഭാഗവത് അഭിനന്ദിക്കുകയും ചെയ്തു.

Tags:    
News Summary - Lynching A "Western Construct", Don't Use To Defame India- Mohan Bagawat - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.