അവസാനവട്ട വോട്ടെണ്ണൽ നിർണായകമാവും; 64 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അവസാനവട്ടത്തിലേക്ക് കടക്കവെ 64 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഇതിൽ 28 സീറ്റുകളിൽ എൻ.ഡി.എയും 30 ഇടത്ത് ഇൻഡ്യ സഖ്യവും ആറിടത്ത് മറ്റ് പാർട്ടികളുമാണ് മുന്നേറുന്നത്. 34 സീറ്റുകളിൽ ഒരു ശതമാനത്തിലും താഴെയാണ് വോട്ടുവ്യത്യാസം. 30 ഇടത്ത് ഒന്നിനും രണ്ടര ശതമാനത്തിനും ഇടയിലും.

എൻ.ഡി.എ ലീഡ് ചെയ്യുന്ന 12 മണ്ഡലങ്ങളിൽ ഒരു ശതമാനത്തിൽ താഴെയാണ് വോട്ടുവ്യത്യാസം. ബിഹാറിലെ ബെഗുസരായ്, യു.പിയിലെ ഫത്തേപുർ, ഓൻല, ഉന്നാവ്, ഫുൽപുർ, ഫറൂഖാബാദ്, ബിഹാറിലെ ബക്സർ, മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയ, മുംബൈ നോർത്ത് ഈസ്റ്റ്, പശ്ചിമ ബംഗാളിലെ ബഹരാംപുർ, രാജസ്ഥാനിലെ ജയ്പുർ റൂറൽ, ഹരിയാനയിലെ സോനിപത് എന്നിവിടങ്ങളിലാണത്.

സമാനമായി 19 മണ്ഡലങ്ങളിൽ ഇൻഡ്യ മുന്നണിയും ഇതേ മാർജിനിൽ മുന്നേറുന്നുണ്ട്. എന്നാൽ ചില മണ്ഡലങ്ങളിൽ മുന്നണിയിലെ പാർട്ടികൾ തന്നെ പരസ്പരം ഏറ്റുമുട്ടുന്നതിനാൽ ആശങ്കപ്പെടേണ്ട സ്ഥിതി വരുന്നില്ല. എന്നാൽ എൻ.ഡി.എയെ പിടിച്ചുകെട്ടാനായാൽ അത് വലിയ നേട്ടമാകും.

ഒന്നു മുതൽ രണ്ടര ശതമാനം വോട്ടു മാർജിനിൽ എൻ.ഡി.എ മുന്നേറുന്ന 16 സീറ്റുകളും ഇൻഡ്യ സഖ്യം മുന്നേറുന്ന 11 സീറ്റുകളുമാണുള്ളത്. ഈ പട്ടികയിൽ വരുന്ന മണ്ഡലങ്ങളിൽ ഏറെയും ഉത്തർപ്രദേശിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമാണ്. ബി.ജെ.പി സ്ഥാനാർഥികളിൽനിന്ന് ഈ സീറ്റുകൾ കൂടി പിടിച്ചെടുക്കാനായാൽ ഇൻഡ്യ സഖ്യത്തിന് കേവല ഭൂരിപക്ഷത്തിന് അരികിൽ എത്താനാവും. ഒടുവിൽ ലഭ്യമായ വിവരം പ്രകാരം എൻ.ഡി.എ 296, ഇൻഡ്യ 230, മറ്റുള്ളവർ 17 എന്നിങ്ങനെയാണ് സീറ്റുനില. എൻ.ഡി.എക്ക് വൻ ഭൂരിപക്ഷം പ്രവചിച്ച എക്സിറ്റ് പോൾ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. 

Tags:    
News Summary - LS Polls: Last phase counting become crucial; tight competition in many seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.