ഗ്യാസ് വില വർധന ക്രൂരം; പിൻവലിക്കണം -സി.പി.എം

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധന ഉടനെ പിൻവലിക്കമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന് ഇന്ന് മുതൽ 50 രൂപയാണ് കൂട്ടിയത്. പാചക വാതകവില വർധനക്കൊപ്പം ഭക്ഷ്യവസ്തുക്കൾക്കും അവശ്യസാധനങ്ങൾക്കും വില ഉയരുന്നത് ജനങ്ങളെ കടുത്ത ദുരിതത്തിലാക്കും. രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, പണപ്പെരുപ്പം എന്നിവയുടെ പശ്ചാത്തലത്തിൽ ഈ വർധനവ് ക്രൂരമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. വിലവർധനയെ പി.ബി ശക്തമായി അപലപിച്ചു.

വില വർധന താങ്ങാനാകാതെ പാചക വാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് കൂടുതൽ ആളുകൾ പുറത്താകും. ഇതിനകം, ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ളവരിൽ 10 ശതമാനത്തിലധികം പേർ കഴിഞ്ഞ വർഷം റീഫിൽ സിലിണ്ടറുകളൊന്നും എടുത്തിട്ടില്ല. ഏകദേശം 12 ശതമാനം പേർ ഒരു റീഫിൽ മാത്രമാണ് എടുത്തത്. 56.5 ശതമാനം പേർ ഏറ്റവും കുറഞ്ഞ വാർഷിക ശരാശരിയായ 7 സിലിണ്ടറുകളിൽ നിന്ന് നാലോ അതിൽ കുറവോ റീഫിൽ സിലിണ്ടറുകൾ മാത്രമേ എടുത്തിട്ടുള്ളൂ.

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില ഈ വർഷം രണ്ടാം തവണയാണ് വർധിപ്പിച്ചത്. ഒരു സിലിണ്ടറിന് ഇന്ന് 350.50 രൂപ വർദ്ധിപ്പിച്ചതോടെ ഡൽഹയിൽ വില 1769ൽനിന്ന് 2119.5 രൂപയായി. പാചകം ചെയ്യേണ്ട ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലവർധനക്ക് ഇതിടയാക്കും -പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - LPG price hike Must withdraw - C.P.M

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.