ലോക്സഭ സീറ്റ് വിഭജനം: സ്പീക്കറുടെ തീരുമാനം തിരിച്ചടിയായി; ഉദ്ധവ് താക്കറെയുടെ വിലപേശൽ നടക്കില്ല

മുംബൈ: യഥാർഥ ശിവസേന ഷിൻഡെയുടേതാണെന്ന മഹാരാഷ്ട്ര സ്പീക്കറുടെ തീരുമാനത്തിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗത്തിനാണ്. കോൺഗ്രസ് നയിക്കുന്ന ഇൻഡ്യ സഖ്യത്തിൽ അംഗമായ ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ വിലപേശൽ ശക്തിക്കാണ് ഇടിവ് സംഭവിച്ചത്. സ്പീക്കറുടെ തീരുമാനം അനുകൂലമായിരുന്നെങ്കിൽ മഹാരാഷ്ട്രയിലെ ലോക്സഭ സീറ്റ് വിഭജനത്തിൽ മുൻതൂക്കം ലഭിക്കുന്നതിന് ഉദ്ധവിന് സാധിക്കുമായിരുന്നു.

മഹാരാഷ്ട്രയിൽ കോൺഗ്രസും എൻ.സി.പിയും ഉൾപ്പെടുന്ന മഹാ വികാസ് അഗാഡി സഖ്യത്തിന്‍റെ ഭാഗമാണ് ശിവസേന. ഈ സഖ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഭരണം പിടിക്കുകയും ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയാവുകയും ചെയ്തത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിച്ചതും ശിവസേനയാണ്.

ജനുവരി ഒമ്പതിന് നടന്ന ഇൻഡ്യ സഖ്യത്തിന്‍റെ യോഗത്തിന് ശേഷം പാർട്ടി കൂടുതൽ സീറ്റിൽ മത്സരിക്കുമെന്ന തരത്തിലാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 23 സീറ്റുകളിൽ മത്സരിച്ചെന്നും 18 എണ്ണത്തിൽ വിജയിച്ചതായും റാവത്ത് വ്യക്തമാക്കി. ഏകനാഥ് ഷിൻഡെ പാർട്ടി വിട്ടത് കൊണ്ട് വോട്ടർമാരുടെ അടിത്തറ മാറിയെന്ന് അർഥമാക്കുന്നില്ലെന്നും റാവത്ത് ചൂണ്ടിക്കാട്ടിയിരുന്നു. ഉദ്ദവ് വിഭാഗത്തിന്‍റെ ജനപിന്തുണയിൽ വിള്ളൽ വീണിട്ടില്ലെന്ന വാദമാണ് റാവത്ത് ഉയർത്തുന്നത്.

ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗവും ഷിൻഡെ പക്ഷവും നൽകിയ അയോഗ്യത ഹരജികൾ തള്ളിയ മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കർ, യഥാർഥ ശിവസേന ഷിൻഡെയുടേതാണെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. പാർട്ടി അധ്യക്ഷന് പരമാധികാരം നൽകി 2018ൽ ഭേദഗതി ചെയ്ത ശിവസേനയുടെ ഭരണഘടന തള്ളിയ സ്പീക്കർ ദേശീയ എക്സിക്യൂട്ടിവിന് പരമാധികാരം നൽകുന്ന 1999ലെ ഭരണഘടനയാണ് പരിഗണിച്ചത്.

ഇതുപ്രകാരം ഷിൻഡെയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഉദ്ധവിന് അധികാരമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. എതിർകക്ഷിയായ ഉദ്ധവ് പക്ഷം രൂപപ്പെടുമ്പോൾ 54 ൽ 37 എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണ ഷിൻഡെക്കുണ്ടായിരുന്നുവെന്നും അതിനാൽ ഷിൻഡെയെ നിയമസഭ കക്ഷി നേതാവായും ഭരത് ഗോഗോവാലയെ ഷിൻഡെ പക്ഷ ചീഫ് വിപ്പായും നിയമിച്ചത് നിയമാനുസൃതമാണെന്നും സ്പീക്കർ വ്യക്തമാക്കി.

അതേസമയം, ‘ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന’ വിധിയെന്ന് ആരോപിച്ച ഉദ്ധവ് താക്കറെ, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Lok Sabha seat division: Maharashtra Speaker's decision backfires on Uddhav Thackeray's bargain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.