ന്യൂനപക്ഷങ്ങളെ കണ്ടെത്തൽ; 14 സംസ്ഥാനങ്ങൾ അഭിപ്രായം അറിയിച്ചതായി കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സംസ്ഥാനതലത്തിൽ ന്യൂനപക്ഷങ്ങളെ തിരിച്ചറിയുന്ന വിഷയത്തിൽ മുഴുവൻ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കൂടിയാലോചന യോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും 14 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും ഇതുവരെ അഭിപ്രായം അറിയിച്ചതായും കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു.

ശേഷിക്കുന്ന 19 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അഭിപ്രായങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. വിഷയം വൈകാരികവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ അന്തിമമായ അഭിപ്രായ രൂപവത്കരണത്തിന് സംസ്ഥാനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് വിഷയത്തിൽ ആറാഴ്ച സമയം അനുവദിച്ച് ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എ.എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

സംസ്ഥാന തലത്തിൽ ഹിന്ദു ന്യൂനപക്ഷങ്ങളെ തിരിച്ചറിയുന്നതിന് മാർഗനിർദേശം രൂപവത്കരിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിൻ കുമാർ ഉപാധ്യായ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. 10 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്ന് വാദിച്ച അദ്ദേഹം, 2004ലെ നാഷനൽ കമീഷൻ ഫോർ മൈനോറിറ്റി എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ആക്ടിലെ സെക്ഷൻ 2(എഫ്) ന്റെ സാധുതയും ചോദ്യം ചെയ്തു.

ഈ നിയമപ്രകാരം സംസ്ഥാന തലത്തിൽ ന്യൂനപക്ഷങ്ങളെ കണ്ടെത്തുന്നതിനുള്ള അധികാരം കേന്ദ്രത്തിന് നൽകുന്നത് പ്രത്യക്ഷമായും ഏകപക്ഷീയവും യുക്തിരഹിതവും കുറ്റകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ 31ന് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചതായി അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ അറിയിച്ചു.

പഞ്ചാബ്, മിസോറം, മേഘാലയ, മണിപ്പൂർ, ഒഡിഷ, ഉത്തരാഖണ്ഡ്, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഗോവ, പശ്ചിമ ബംഗാൾ, ത്രിപുര, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും ലഡാക്, ദാദർ ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു, ചണ്ഡിഗഡ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് വിഷയത്തിൽ അഭിപ്രായം അറിയിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

Tags:    
News Summary - Locating minorities; 14 states have given their opinion- Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.