അഹമ്മദാബാദ്: ഗുജറാത്തിലെ ഗിർ വനമേഖലയിൽ സിംഹം കർഷകനെ കടിച്ചു കൊന്നു. ശേഷം മൃതദേഹത്തിനു മുകളിൽ ഇരുപ്പുറപ്പിച്ച സിംഹത്തെ ഉദ്യോഗസ്ഥർ ബുൾഡോസറുകളും ട്രാക്ടറും ഉപയോഗിച്ചാണ് തുരത്തിയത്. സിംഹം മൃതദേഹം 120 മീറ്ററോളം വലിച്ചിഴക്കുകയും ചെയ്തതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രദേശ വാസിയായ മംഗ ബോഗ ബരയ്യ (35) എന്ന യുവാവാണ് ബുധനാഴ്ച മരിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈകുന്നേരം 6.45ഓടെയാണ് സംഭവത്തെക്കുറിച്ച് വനംവകുപ്പിന് വിവരം ലഭിക്കുന്നത്. പിന്നീട് സിംഹത്തെ പിടികൂടി. ഷെട്രുഞ്ചി ഡിവിഷനിലെ ജാഫ്രാബാദ് ഫോറസ്റ്റ് റേഞ്ചിൽ സ്ഥിതി ചെയ്യുന്ന അമ്രേലി ജില്ലയിലെ ടിംബി ഗ്രാമത്തിലാണ് ബരയ്യയുടെ മൃതദേഹം കണ്ടെത്തിയത്.
രണ്ട് വന്യജീവി ഡിവിഷനുകളുടെയും ജില്ലകളുടെയും അധികാരപരിധിയായ കകിഡി മോളി-ടിംബി (അമ്രേലി) ഗ്രാമങ്ങൾക്കിടയിലാണ് ഈ പ്രദേശം നിലകൊള്ളുന്നത്. കകിഡി മോളി ഗ്രാമത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ കിഴക്ക് - ജുനഗഡ് വന്യജീവി സർക്കിളിലെ ഗിർ-ഈസ്റ്റ് ഡിവിഷനിലെ ജസാധർ ഫോറസ്റ്റ് റേഞ്ചിൻ്റെ കീഴിലാണ് ഈ വനപ്രദേശം. സിംഹങ്ങളുടെ ആവാസ കേന്ദ്രമായ ഗിർ വനത്തിന്റെ ഭാഗമായ രണ്ട് ജില്ലകളുടെ അതിർത്തിയിലാണ് സംഭവം. ബരയ്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ബരയ്യയ്ക്ക് ഭാര്യയും പത്ത് വയസ്സുള്ള ഒരു മകളും രണ്ട് ഇളയ ആൺമക്കളുമുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം വ്യാഴാഴ്ച കൈമാറുമെന്ന് ഷെട്രുഞ്ചി ഡിവിഷനിലെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) ജയന്ത് പട്ടേൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.