അണ്ണാ ഡി.എം.കെയിലെ നിയമയുദ്ധം തുടരുന്നു; ഇ.പി.എസിന് ജനറൽ സെക്രട്ടറിയായി തുടരാമെന്ന് മദ്രാസ് ഹൈകോടതി

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ മാറിമറിഞ്ഞുള്ള കോടതിവിധികൾ തുടരുന്നു. ജൂലൈ 11ന് നടന്ന അണ്ണാ ഡി.എം.കെ ജനറൽ കൗൺസിൽ യോഗത്തിൽ പാർട്ടി ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ(ഇ.പി.എസ്) തെരഞ്ഞെടുത്ത നടപടി അസാധുവാക്കിയ സിംഗ്ൾ ബെഞ്ച് ഉത്തരവ് വെള്ളിയാഴ്ച മദ്രാസ് ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഒ. പന്നീർശെൽവം(ഒ.പി.എസ്) അറിയിച്ചു. ഇ.പി.എസിനെ ജനറൽ സെക്രട്ടറിയായി നിയമിച്ച നടപടി റദ്ദാക്കിയതിന് പുറമെ ഒ.പി.എസിനെയും അനുയായികളെയും പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടി അസാധുവാണെന്നും ജൂൺ 23ന് മുമ്പുള്ള പാർട്ടിയിലെ തൽസ്ഥിതി തുടരണമെന്നുമാണ് ആഗസ്റ്റ് 17ന് ജസ്റ്റിസ് ജി. ജയചന്ദ്രൻ വിധിച്ചത്.

പാർട്ടിയിൽ കോഓഡിനേറ്റർ, ജോയന്റ് കോഓഡിനേറ്റർ എന്ന നിലയിലുള്ള ഇരട്ട നേതൃസംവിധാനം തുടരുമെന്നും ഇ.പി.എസും ഒ.പി.എസും ചേർന്ന് മാത്രമേ ജനറൽ കൗൺസിൽ യോഗം വിളിച്ചുകൂട്ടാൻ അധികാരമുള്ളൂവെന്നും അദ്ദേഹം ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ ഇ.പി.എസ് വിഭാഗം സമർപ്പിച്ച അപ്പീലിലാണ് എം. ദുരൈസാമി, സുന്ദർമോഹൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ വിധി. ഇതോടെ ജൂലൈ 11ന് ഇ.പി.എസ് വിഭാഗം വിളിച്ചുകൂട്ടിയ ജനറൽ കൗൺസിൽ യോഗതീരുമാനങ്ങൾ വീണ്ടും പ്രാബല്യത്തിലായി.

ഒ.പി.എസും ഇ.പി.എസും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയാത്തനിലയിൽ ഇരുവരും ചേർന്ന് പാർട്ടി ജനറൽ കൗൺസിൽ വിളിക്കണമെന്ന് പറയാനാവില്ലെന്നും ഇത് സംഘടനയുടെ തുടർ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

അണ്ണാ ഡി.എം.കെ ഭരണഘടന പ്രകാരം പ്രവർത്തകരാൽ തെരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിലിനാണ് പരമാധികാരമെന്നും കോടതി പറഞ്ഞു. പാർട്ടിയിലെ അധികാര തർക്കത്തിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിലപാട് നിർണായകമാവും. 

Tags:    
News Summary - Legal battle in Anna DMK continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.