പഞ്ചാബിലും ഗവർണർ - മുഖ്യമന്ത്രി പോര്; ബജറ്റ് സമ്മേളനം പ്രതിസന്ധിയിൽ

‘Legal advice first’: Governor Banwarilal Purohit refuses to give nod to summon Budget session of Punjab Assemblyചണ്ഡിഗഢ്: പഞ്ചാബിൽ ഗവർണറുടെ അമിതാധികാര പ്രയോഗ ഭാഷയോട് മുഖ്യമന്ത്രിയും അതേരീതിയിൽ തിരിച്ചടിച്ചതോടെ ബജറ്റ് സമ്മേളനം അനിശ്ചിതത്വത്തിൽ. സംസ്ഥാന സർക്കാറിന്റെ വിവിധ തീരുമാനങ്ങളിൽ വിശദീകരണം ചോദിച്ച ഗവർണർ ബൻവാരിലാൽ പുരോഹിതിനോട്, കേന്ദ്രം നിയമിച്ച ഗവർണറോടല്ല, തെരഞ്ഞെടുത്ത ജനങ്ങളോടാണ് തനിക്ക് ഉത്തരവാദിത്തമെന്നാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചത്. ഈ മറുപടി ഭരണഘടനാവിരുദ്ധവും അധിക്ഷേപകരവുമാണെന്ന് ഗവർണർ തിരിച്ചടിച്ചു. ഈ സാഹചര്യത്തിൽ ബജറ്റ് സമ്മേളനം വിളിക്കണമെന്ന മുഖ്യമന്ത്രിയുടെ അപേക്ഷയിൽ, നിയമവിദഗ്ധരുമായി ആലോചിച്ചശേഷമേ തീരുമാനമെടുക്കൂ എന്നും മുന്നറിയിപ്പു നൽകി.

സിംഗപ്പൂരിൽ പരിശീലനത്തിന് സ്കൂൾ പ്രിൻസിപ്പൽമാരെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡവും യാത്രാവിവരങ്ങളും അടക്കമുള്ള സർക്കാർ തീരുമാനങ്ങളുടെ വിശദീകരണം നൽകണമെന്നാണ് ഫെബ്രുവരി 13ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പുരോഹിത് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി അവഗണിച്ചതിനാൽ പരസ്യപ്പെടുത്തുന്നു എന്നു ചൂണ്ടിക്കാട്ടി ഗവർണർ ഈ കത്ത് മാധ്യമങ്ങൾക്കു നൽകി.

‘‘ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് താനെന്നുള്ള താങ്കളുടെ വാദം അംഗീകരിക്കുന്നു. ഭരണഘടന അനുസരിച്ചാണ്, താങ്കളുടെ ഭാവനാവിലാസമനുസരിച്ചല്ല സംസ്ഥാനം ഭരിക്കേണ്ടതെന്നും ഞാൻ കൂട്ടിച്ചേർക്കുകയാണ്’’-മാധ്യമങ്ങൾക്കു നൽകിയ കത്തിൽ പുരോഹിത് പറയുന്നു. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും ഗവർണർ ആവശ്യപ്പെട്ടു. എന്നാൽ, ഇത് പ്രസിദ്ധീകരിക്കപ്പെട്ടതിനുപിന്നാലെ, ഗവർണറെ രൂക്ഷമായി വിമർശിച്ച് ഭഗവന്ത് മാൻ ട്വിറ്ററിലൂടെ രംഗത്തുവന്നു. ‘‘ബഹുമാനപ്പെട്ട ഗവർണറുടെ കത്ത് മാധ്യമങ്ങൾ വഴി കിട്ടി. കത്തിൽ പറഞ്ഞ വിഷയങ്ങളെല്ലാം സംസ്ഥാന കാര്യങ്ങളാണ്. മൂന്നുകോടി പഞ്ചാബികളോടാണ് ഞാനും എന്റെ സർക്കാറും ബാധ്യതപ്പെട്ടിരിക്കുന്നത്. അല്ലാതെ, കേന്ദ്ര സർക്കാർ നിയോഗിക്കുന്ന ഏതെങ്കിലും ഗവർണറോടല്ല. ഇതെന്റെ മറുപടിയായി കണക്കാക്കുക’’-മാൻ ട്വീറ്റ് ചെയ്തു.

Tags:    
News Summary - ‘Legal advice first’: Governor Banwarilal Purohit refuses to give nod to summon Budget session of Punjab Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.