ലോറൻസ് ബിഷ്‌ണോയി

ലോറൻസ് ബിഷ്‌ണോയിക്ക് ഇനി ‘ദോ സൗ ഖോളി’; സബർമതി ജയിലിലെ ഹൈസെക്യൂരിറ്റി ബ്ലോക്കിലേക്ക് മാറ്റം

ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലെ "ദോ സൗ ഖോലി" എന്നറിയപ്പെടുന്ന പ്രത്യേക അതീവ സുരക്ഷാ ബ്ലോക്കിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ഭീകരവാദം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ 200 അപകടകാരികളായ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ബ്ലോക്കാണിത്. ബിഷ്ണോയിയെ പൂർണമായും ഒറ്റപ്പെടുത്താനുള്ള വിപുലമായ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.

ജയിലിനുള്ളിലെ സെല്ലുകൾ തമ്മിലുള്ള നീക്കം പൂർണമായും തടയുന്നതിനായി ഈ ബ്ലോക്കിന് 50 വീതം തടവുകാരുള്ള നാല് വ്യത്യസ്ത സെക്ഷനുകളുണ്ട്. ഏകദേശം 7.5 x 11 അടി വലിപ്പമുള്ള സെല്ലിലാണ് ഇപ്പോൾ ലോറൻസ് കഴിയുന്നത്. 2008 സ്ഫോടന കേസ് പ്രതികൾക്കൊപ്പം ബ്ലോക്ക് 200 എന്നറിയപ്പെടുന്ന ഈ അതീവ സുരക്ഷാ മേഖലയിൽ 2008ലെ സീരിയൽ സ്ഫോടന കേസിലെ ശിക്ഷിക്കപ്പെട്ടവരും മറ്റ് ഗുരുതര കേസുകളിലെ പ്രതികളുമാണുള്ളത്.

ബിഎൻഎസ്എസ് 303-ാം വകുപ്പ് പ്രകാരം ജയിലിന് പുറത്തേക്ക് നീങ്ങാൻ നിയന്ത്രണമുള്ള ഗുരുതര കുറ്റവാളികൾക്കുള്ള മേഖലയാണിത്. ഇതിന് മുൻപ് ലോറൻസ് "ദസ് ഖോലി" എന്ന 10 തടവുകാർ മാത്രമുള്ള ചെറിയ അതീവ സുരക്ഷാ വിഭാഗത്തിലായിരുന്നു. അതിന് മുൻപ് തിഹാർ ജയിലിലും പഞ്ചാബിലെ വിവിധ ജയിലുകളിലുമായിരുന്നു. ഈ ജയിലുകളിൽ കഴിയുമ്പോഴാണ് കോൾ സെന്റർ ഉടമകളെ ഭീഷണിപ്പെടുത്തുന്ന ലോറൻസിന്റെ റെക്കോർഡ് ചെയ്ത കോളുകളും ഗുണ്ടാ നേതാവ് ഷെഹ്സാദ് ഭട്ടിയുമായുള്ള സംഭാഷണവും പുറത്തുവന്നത്.

2023ന് മുൻപ് ലോറൻസ് പതിവായി പിരിവിനായി കോളുകൾ ചെയ്യുകയും ഭീഷണി ഓഡിയോ, വിഡിയോ സന്ദേശങ്ങൾ പ്രചരിപ്പിച്ച് തന്റെ ശൃംഖല നിയന്ത്രിക്കുകയും വിവിധ ജയിലുകളിൽ നിന്ന് അഭിമുഖങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി അയാളിൽ നിന്ന് നേരിട്ടുള്ള കോളുകളോ ആശയവിനിമയങ്ങളോ ഉണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു.

ആളുകളെ കാണാതെ, ഡിജിറ്റൽ ആക്‌സസും ഇല്ലാതെ, ലോറൻസ് ഇപ്പോൾ 24 മണിക്കൂറും ഏകാന്ത നിരീക്ഷണത്തിലാണ് കഴിയുന്നത്. സെല്ലിനുള്ളിൽ അച്ചടക്കമുള്ള, സന്യാസ തുല്യമായ ജീവിതമാണ് അയാൾ നയിക്കുന്നതെന്നാണ് റിപ്പോർട്ട്. രാവിലെ ധ്യാനത്തിൽ ചെലവഴിക്കുക, പതിവായി ഹനുമാൻ ചാലിസ ചൊല്ലുക, ഉപവാസം അനുഷ്ഠിക്കുക, സസ്യാഹാരം കഴിക്കുക എന്നിവയാണ് അയാളുടെ ദിനചര്യ. വിഡിയോ കോൺഫറൻസിങ് വഴി കോടതി ഹിയറിങ്ങുകളിൽ പങ്കെടുക്കുകയും അഭിഭാഷകനുമായി നിയമ തന്ത്രങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുക എന്നതാണ് പുറംലോകവുമായുള്ള ലോറൻസിന്‍റെ ഏക ഇടപെടൽ.

Tags:    
News Summary - Lawrence Bishnoi moved to high-security Ahemdabad jail block

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.