രാഹുൽ ഗാന്ധി

ബിഹാറിൽ ഒറ്റ വീട്ടിൽ 947 വോട്ടർമാരെന്ന് കോൺഗ്രസ്; സാങ്കൽപിക നമ്പർ രേഖപ്പെടുത്തിയതെന്ന് കമീഷൻ

ന്യൂഡൽഹി: ബിഹാറിലെ വോട്ടർപട്ടികയിൽ ഒരൊറ്റ വീട്ടുനമ്പറിൽ ഉള്ളത് 947 വോട്ടർമാരുടെ പേരുകൾ. ബോധ്ഗയയിലെ നിദാനി ഗ്രാമത്തിലുള്ള വീട്ടുനമ്പർ ആറിലാണ് ഇത്രയും പേരുകൾ ഉൾപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനെതിരെ വോട്ടുമോഷണം ആരോപിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ‘വോട്ടർ അധികാർ യാത്ര’ക്കിടെ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഒറ്റ വീട്ടു നമ്പറിൽ ഇത്രയും പേരുകൾ വോട്ടർ ലിസ്റ്റിൽ ഉള്ളത് പുറുത്തുവിട്ടത്. ബൂത്ത് ലെവൽ ഓഫിസർ വീടുതോറും പരിശോധന നടത്തുന്നതല്ലേയെന്നും പിന്നെ എങ്ങനെയാണ് യഥാർഥ വീട്ടുനമ്പറുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നും കോൺഗ്രസ് ചോദിച്ചു.

നിദാനിയില്‍ നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുണ്ടായിട്ടും ഗ്രാമത്തെ മുഴുവന്‍ ഒരു സാങ്കല്‍പിക വീടിന് കീഴിലാക്കി. ചെറിയ ഗ്രാമത്തിലെ 947 വോട്ടർമാരെ ഒരു വിലാസത്തിൽ തള്ളാൻ കഴിയുമെങ്കിൽ, ബിഹാറിലും ഇന്ത്യയിലാകെയും എത്ര വലിയ ക്രമക്കേടുകൾ നടക്കുമെന്ന് സങ്കൽപിക്കണം. ജനാധിപത്യം മോഷ്ടിക്കപ്പെടുന്നുവെന്നും നിദാനി അതിന്റെ ജീവിക്കുന്ന തെളിവാണെന്നും കോൺഗ്രസ് ആരോപിച്ചു.

വോട്ടര്‍ പട്ടികയില്‍നിന്ന് യഥാര്‍ഥ വീട്ടുനമ്പറുകള്‍ ഒഴിവാക്കുന്നത് ദുരുപയോഗത്തിനാണ്. ഇത്തരത്തിലുള്ള നടപടി വ്യാജ വോട്ടര്‍മാരെയോ ഇരട്ടവോട്ടുകളെയോ ഒളിപ്പിക്കുന്നത് എളുപ്പമാക്കും. വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ വിശദീകരണം നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് കുറിപ്പ് രാഹുൽ ഗാന്ധിയും ഷെയർ ചെയ്തു.

ഗ്രാമത്തിലെ വീടുകൾക്ക് നമ്പർ നൽകിയിട്ടില്ലാത്തതിനാൽ സാങ്കൽപിക നമ്പർ രേഖപ്പെടുത്തിയതാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം.

Tags:    
News Summary - Latest claim from Rahul Gandhi, Congress: 947 voters in one house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.