ലഖിംപുർ ഖേരി: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

അലഹബാദ്: നാല് കർഷകരുൾപ്പെടെ എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപുർ ഖേരി സംഭവത്തിൽ ​പ്രതികളുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈകോടതി തള്ളി. മുഖ്യപ്രതിയായ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ കൂട്ടാളികളായ സുമിത് ജയ്സ്വാൾ, അങ്കിത് ദാസ്, ശിശ്പാൽ, ലവ്കുശ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി ബാബു ബനാറസി ദാസിന്റെ പൗത്രനാണ് അങ്കിത് ദാസ്. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ് കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവം നടന്നത്.

പ്രതികൾക്കെതിരെ മതിയായ തെളിവുകളു​ണ്ടെന്ന് ജാമ്യാപേക്ഷ തള്ളി ജസ്റ്റിസ് ദിനേശ് കുമാർ സിങ് പറഞ്ഞു. കേന്ദ്രമന്ത്രി അജയ് മിശ്ര കർഷകരെ ഭീഷണി​പ്പെടുത്തിയിരുന്നില്ലെങ്കിൽ ലഖിംപുർ ഖേരി സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. തങ്ങളുടെ വാക്കുകൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം മനസ്സിലാക്കി, ഉന്നത പദവികൾ വഹിക്കുന്ന രാഷ്ട്രീയ പ്രവർത്തകർ മാന്യമായ ഭാഷയിൽ സംസാരിക്കണം.

ഉന്നത പദവികളുടെ മഹത്വം കാത്തുസൂക്ഷിക്കാൻ നിരുത്തരവാദ പ്രസ്താവനകളിൽനിന്ന് വിട്ടുനിൽക്കണം. നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രദേശത്ത് ഗുസ്തി മത്സരം വിലക്കാതിരുന്നതിൽ കോടതി അത്ഭുതം പ്രകടിപ്പിച്ചു. ഈ പരിപാടിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആശിഷ് മിശ്രയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഉൾപ്പെടെയുള്ളവർ മുഖ്യാതിഥികളായതിനെയും കോടതി വിമർശിച്ചു.

Tags:    
News Summary - Lakhimpur Kheri violence HC rejects bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.