ലഖിംപുർ ഖേരി: കേന്ദ്ര മന്ത്രിയുടെ മകൻ ഉൾപ്പെടെ 13 പേർക്കെതിരെ കൊലക്കുറ്റം

ലഖിംപുർ ഖേരി (യു.പി): ലഖിംപുർ ഖേരി കൊലക്കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെ 13 പേർക്കെതിരെ കോടതി കൊലക്കുറ്റവും ഗൂഢാലോചനക്കുറ്റവും ചുമത്തി. കേസ് അഡീഷനൽ ജില്ല ജഡ്ജി സുനിൽ കുമാർ വർമ ഡിസംബർ 16ന് പരിഗണിക്കും.

കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, കൊലപാതകം, കൊലപാതകശ്രമം, അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ആശിഷ് മിശ്രയാണ് കേസിലെ മുഖ്യപ്രതി.

അങ്കിത് ദാസ്, നന്ദൻ സിങ് ബിഷ്ത്, ലത്തീഫ് കാലെ, സത്യപ്രകാശ് ത്രിപാഠി, ശേഖർ ഭാരതി, സുമിത് ജയ്‌സ്വാൾ, ആശിഷ് പാണ്ഡെ, ലവ്കുശ് റാണ, ശിശുപാൽ, ഉല്ലാസ് കുമാർ എന്ന മോഹിത് ത്രിവേദി, റിങ്കു റാണ, ധർമേന്ദ്ര ബഞ്ചാര എന്നിവരാണ് മറ്റ് 12 പ്രതികൾ. ഇവരെല്ലാം ജയിലിലാണ്.

തെളിവു നശിപ്പിച്ചതിന് 14ാം പ്രതി വീരേന്ദ്ര ശുക്ലക്കെതിരെ കുറ്റം ചുമത്തി. ഇയാൾ ജാമ്യത്തിലാണ്. ആശിഷ് മിശ്ര, അങ്കിത് ദാസ്, നന്ദൻ സിങ് ബിഷ്ത്, സത്യം എന്ന സത്യപ്രകാശ് ത്രിപാഠി, ലത്തീഫ് കാലെ, സുമിത് ജയ്‌സ്വാൾ എന്നിവർക്കെതിരെ ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി.

2021 ഒക്ടോബർ മൂന്നിനാണ് നാലു കർഷകരുൾപ്പെടെ എട്ടു പേർ ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ടത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ ടികുനിയ ഗ്രാമത്തിൽ കർഷകർ പ്രതിഷേധം നടത്തുന്നതിനിടെ വാഹനവ്യൂഹം ഇടിച്ചുകയറ്റുകയായിരുന്നു.

ആശിഷ് മിശ്ര സഞ്ചരിച്ച എസ്.യു.വി ഇടിച്ചാണ് നാലു കർഷകർ കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് പ്രകോപിതരായ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ വാഹനത്തിന്റെ ​ഡ്രൈവറും രണ്ട് ബി.ജെ.പി പ്രവർത്തകരും ഒരു പത്രപ്രവർത്തകനുമുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടിരുന്നു. കർഷക സമരത്തിനിടെ നടന്ന സംഭവം രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.​

Tags:    
News Summary - Lakhimpur Kheri violence | Charges framed against Ashish Mishra, 13 others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.