കുനാൽ കമ്ര ‘എക്സിൽ’ പങ്കുവെച്ച ചിത്രം

ആർ.എസ്.എസിനെ പരിഹസിക്കുന്ന ടി ഷർട്ടണിഞ്ഞ് കുനാൽ കമ്ര; നടപടി ആവശ്യപ്പെട്ട് ബി.ജെ.പി

മുംബൈ: ബി.ജെ.പിയെയും ആർ.എസ്.എസിനെയും വീണ്ടും അരിശംകൊള്ളിച്ച് കൊമേഡിയൻ കുനാൽ കമ്ര. വീഡിയോകളും, ഹാസ്യ പരിപാടികളും, സ്റ്റാൻഡ് അപ് പ്രദർശനങ്ങളുമായി സാമൂഹിക, രാഷ്ട്രീയ വിമർശനങ്ങൾ നടത്തുന്ന കുനാൽ കമ്രയുടെ ഏറ്റവും പുതിയൊരു ചിത്രമാണ് ഇപ്പോൾ ആർ.എസ്.എസിനെ പ്രകോപിപ്പിക്കുന്നത്. ആർ.എസ്.എസ് എന്ന എഴുത്തും, നായ മൂത്രമൊഴിക്കാൻ നിൽക്കുന്ന ദൃ​ശ്യവുമുള്ള ടീ ഷർട്ട് അണിഞ്ഞു നിൽക്കുന്ന ത​ന്റെ ചിത്രമാണ് കുനാൽ കമ്ര കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

കോമഡി ക്ലബിൽ നിന്നുള്ള ക്ലിക്ക് അല്ല എന്ന അടിക്കുറിപ്പിൽ പങ്കുവെച്ച ചിത്രം പക്ഷേ, സംഘ്പരിവാർ കേന്ദ്രങ്ങളെ ചൊടിപ്പിച്ചു. 

സാമൂഹിക മാധ്യമങ്ങളിൽ സജീവ വിമർശനത്തിനും ചർച്ചകൾക്കും വഴിവെച്ച ചിത്രത്തിനു പിന്നാലെ, ഇത്തരം പ്രകോപനപ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മഹരാഷ്ട്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ചന്ദ്രശേഖർ ബവൻകുലെ ആവശ്യപ്പെട്ടു.

കമ്രയുടെ പോസ്റ്റിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് മഹാരാഷ്രടയിലെ ശിവസേന മന്ത്രി സഞ്ജയ് ശ്രിസതും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ​ശിവ്സേന നേതാവുമായ ഏക്നാഥ് ഷിൻഡെക്കും നേരെയയായിരുന്നു നേരത്തെയുള്ള ആക്രമണം. ഇപ്പോൾ, ആർ.എസ്.എസിനെയും കടന്നാക്രമിക്കുന്നു. ഇതിന് മറുപടി നൽകണം -സഞ്ജയ് ശ്രിസത് പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ ഏക്നാഥ് ഷിൻഡെക്കെതിരെ നടത്തിയ വിമർശനങ്ങൾ ഏറെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

സമകാലിക രാഷ്ട്രീയം വിശദമായി ചർച്ച ചെയ്യുന്ന നയാഭാരത് പരിപാടിയിൽ ശിവസേനയെ പിളർത്തി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ഷിൻഡെയെ കമ്ര വിമർശിക്കുകയും 'രാജ്യദ്രോഹി' എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

കമ്ര പങ്കിട്ട ഒരു വിഡിയോയിൽ ‘താനെയിൽ നിന്നുള്ള ഒരു നേതാവിനെ’ പരാമർശിക്കുന്ന ദിൽ തോ പാഗൽ ഹേയിലെ ഒരു സ്പൂഫ് ഗാനം ആലപിക്കുകയും ഷിൻഡെയുടെ ശരീരപ്രകൃതിയെ കുറിച്ചും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുള്ള അദ്ദേഹത്തിന്റെ സമവാക്യത്തെ കുറിച്ചും പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. അതേസമയം, വിഡിയോയിൽ ഷിൻഡെയുടെ പേര് കമ്ര പരാമർശിച്ചിരുന്നില്ല.

എന്നാൽ, തുടർച്ചയായ കേസുകൾക്കും കടുത്ത പ്രതിഷേധങ്ങൾക്കുമാണ് ഈ സംഭവം വഴിവെച്ചത്. സ്റ്റുഡിയോക്ക് നേരെയും ശിവസേന പ്രവർത്തകരുടെ ആ​ക്രമണമുണ്ടായി.

Tags:    
News Summary - Kunal Kamra Sparks Row With T-Shirt Mocking RSS, BJP Warns Of Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.