കർണാടകയിലെ കിങ് മേക്കറല്ല കിങ് തന്നെ ആകുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലത്തിനുശേഷം ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാര സ്വാമി പറഞ്ഞത്. ഒടുവിൽ തുക്കൂസഭയായതോടെ പറഞ്ഞതുപോലെ കർണാടകയുടെ കിങ് ആകാൻ ഒരുങ്ങുകയാണ് കുമാരസ്വാമി. ബി.ജെ.പി പാളയത്തിൽനിന്ന് എതിർ നീക്കങ്ങളൊന്നുമുണ്ടാകാതിരിക്കുകയും ഗവർണർ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കുകയും ചെയ്താൽ കുമാരസ്വാമി മുഖ്യമന്ത്രി പദത്തിലേറും. ബി.ജെ.പി അധികാരത്തിൽ വരാതിരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായുള്ള കോൺഗ്രസിെൻറ ഈ നീക്കത്തിലൂടെ കുമാരസ്വാമിയുടെ കണക്കുകൂട്ടലുകൾ കൂടിയാണ് ശരിയാകുന്നത്.
ജെ.ഡി.എസുമായി സഹകരിക്കുന്നവരുമായി സഖ്യമുണ്ടാക്കുമെന്നും അടുത്ത മുഖ്യമന്ത്രി താനായിരിക്കുമെന്നുമായിരുന്നു കുമാരസ്വാമി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. 2004ൽ കോൺഗ്രസുമായും 2006ൽ ബി.ജെ.പിയുമായും സഖ്യംചേർന്ന് സർക്കാർ രൂപവത്കരിച്ച കർണാടകയുടെ കിങ് മേക്കറായി അറിയപ്പെടുന്ന എച്ച്.ഡി. കുമാരസ്വാമിയുടെ ജെ.ഡി.എസ് 37 സീറ്റുകളാണ് ഇത്തവണ നേടിയത്. 2013ൽ 40 സീറ്റുകളായിരുന്നു. തെരഞ്ഞെടുപ്പിന് മുേമ്പ ജെ.ഡി.എസിെൻറ ഏഴ് എം.എൽ.എമാർ കോൺഗ്രസിലേക്ക് മാറിയിട്ടും കഴിഞ്ഞതവണ നേടിയ സീറ്റുകൾക്ക് അടുത്തുതന്നെ നേടാനായി.
പത്തു ജില്ലകളിലായി 61 മണ്ഡലങ്ങളുള്ള ഒാൾഡ് മൈസൂരു മേഖലയിലാണ് െജ.ഡി.എസിന് കൂടുതൽ സ്വാധീനമുള്ളത്. സിദ്ധരാമയ്യയുടെ അഹിന്ദ (ദലിത്, ആദിവാസി പിന്നാക്ക വിഭാഗങ്ങളെ ചേർത്ത് കന്നടയിലുള്ള പദം) വോട്ടുബാങ്കും ജെ.ഡി.എസിെൻറ വൊക്കലിഗ സ്വാധീനവും തമ്മിലുള്ള പോരിൽ വിജയം ജെ.ഡി.എസിനൊപ്പം നിന്നു. മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെയാണ് എച്ച്.ഡി. കുമാരസ്വാമി ഇത്തവണ വിജയിച്ചത്. രാമനഗരയിൽ 92626 വോട്ടുകളും ചന്നപട്ടണത്ത് 87995 വോട്ടുകളും നേടിയാണ് കുമാരസ്വാമി വിജയിച്ചത്. അപ്രതീക്ഷിത വഴിത്തിരിവുകളാണ് കുമാരസ്വാമി എന്ന പാർട്ടിപ്രവർത്തകരുടെ കുമാരണ്ണയുടെ രാഷ്ട്രീയ ജീവിതം. സിനിമമേഖലയിൽനിന്നും 1996ലാണ് കുമാരസ്വാമി രാഷ്ട്രീയത്തിലെത്തുന്നത്.
2006ൽ നിനച്ചിരിക്കാതെ മുഖ്യമന്ത്രിയുമായി. പക്ഷേ, ബി.ജെ.പിയുമായുള്ള സഖ്യം തകർന്ന് പദവിയിൽനിന്നിറങ്ങി. എന്തായാലും കർണാടക രാഷ്ട്രീയത്തിൽ ഒരിക്കൽകൂടി കിങ് മേക്കറിനുമപ്പുറം കിങ് തന്നെ ആകാനുള്ള തയാറെടുപ്പിലാണ് കുമാരസ്വാമി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.