പ്രയാഗ് രാജ്: മഥുര കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്ക കേസിലെ 18 ഹരജികളിൽ രാധാദേവിയെ കക്ഷിചേർക്കണമെന്ന ആവശ്യം അലഹബാദ് ഹൈകോടതി തള്ളി. പുരാണ കഥാപാത്രങ്ങൾ കേട്ടുകേൾവിയായ തെളിവുകളായി കണക്കാക്കപ്പെടുന്നു എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര അപേക്ഷ നിരസിച്ചത്.
വാദിയായ ഭഗവാൻ കൃഷ്ണ ലാല വിരാജ്മാന്റെ നിയമപരമായ ഭാര്യയും സ്ത്രീരൂപവുമാണ് ശ്രീജി രാധാ റാണിയെന്നും 13.37 ഏക്കർ വരുന്ന തർക്കഭൂമി ഇരുവരും സംയുക്തമായി കൈവശം വെച്ചിട്ടുണ്ടെന്നും അഭിഭാഷക റീന എൻ സിങ് മുഖേന സമർപ്പിച്ച അപേക്ഷയിൽ ഹരജിക്കാരൻ വാദിച്ചു.
ശ്രീജി രാധാ റാണിയെ ഭഗവാൻ കൃഷ്ണന്റെ ആത്മാവായി കണക്കാക്കുന്നുവെന്ന് പുരാണങ്ങളിലും സംഹിതകളിലും പരാമർശിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് തർക്കത്തിലുള്ള സ്വത്തിന്റെ സംയുക്ത ഉടമ എന്ന അപേക്ഷകന്റെയും വാദിയുടെയും അവകാശവാദമെന്ന് കോടതി നിരീക്ഷിച്ചു. പുരാണ കഥാപാത്രങ്ങളും അവരുടെ ചിത്രീകരണങ്ങളും സാധാരണ ആഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നേരിട്ടുള്ള നിരീക്ഷണത്തെയോ സാക്ഷ്യത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
അതേസമയം, സംയുക്ത ഉടമസ്ഥാവകാശം സംബന്ധിച്ച് ശക്തമായ തെളിവുകളുമായി പരാതിക്കാരൻ ഭാവിയിൽ എത്തുകയാണെങ്കിൽ കക്ഷിചേർക്കുന്ന കാര്യം അപ്പോൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.