കൽക്കത്ത ജാദവ്പൂർ സർവ്വകലാശാലയിലെ (ജെ.യു) വിദ്യാർത്ഥിക്ക് ലണ്ടനിലെ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിൽ 1.8 കോടി രൂപയുടെ വാർഷിക പാക്കേജിൽ ജോലി . നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ വിശാഖ് മൊണ്ടൽ സെപ്റ്റംബറിൽ ലണ്ടനിലേക്ക് പറക്കും.
ജെ.യുവിൽ നിന്നുള്ള ഒരു വിദ്യാർത്ഥിക്ക് ഈ വർഷം ലഭിച്ച ഏറ്റവും ഉയർന്ന ശമ്പള പാക്കേജാണിത്. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ നിന്നുള്ള ഒമ്പത് വിദ്യാർത്ഥികൾ ഒരു കോടി രൂപയിലധികം ശമ്പള പാക്കേജിൽ വിദേശ ജോലി നേടിയതായി 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.
ഫേസ്ബുക്കിൽ നിന്നുള്ള ജോലി വാഗ്ദാനമാണ് മൊണ്ടൽ സ്വീകരിച്ചത്. ഗൂഗിളിൽ നിന്നും ആമസോണിൽ നിന്നും തനിക്ക് ഓഫറുകൾ ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. "ഒരുപാട് നാളത്തെ ആഗ്രഹമാണ്. ഈ മഹത്തായ അവസരങ്ങൾക്ക് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്" -മൊണ്ടാൽ പറഞ്ഞു.
ഫേസ്ബുക്കിൽ ജോലി ചെയ്യുന്നതിനായി താൻ സെപ്റ്റംബറിൽ ലണ്ടനിലേക്ക് പറക്കുമെന്ന് മൊണ്ടൽ 'ദി ഇന്ത്യൻ എക്സ്പ്രസിനോട്' പറഞ്ഞു. "ചൊവ്വാഴ്‌ച രാത്രി എനിക്ക് ജോലി വാഗ്ദാനം ലഭിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, കോവിഡ്-19 മഹാമാരിയുടെ കാലത്ത്, നിരവധി സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യാനും എന്റെ പാഠ്യപദ്ധതി പഠനത്തിന് പുറത്തുള്ള അറിവ് ശേഖരിക്കാനും എനിക്ക് അവസരം ലഭിച്ചു. അഭിമുഖങ്ങൾ മറികടക്കാൻ ഇത് എന്നെ സഹായിച്ചു" -വിശാഖ് പറഞ്ഞു.
ഉയർന്ന ശമ്പള പാക്കേജ് കാരണമാണ് താൻ ഗൂഗിളിനേയും ആമസോണിനെയും മറികടന്ന് ഫേസ്ബുക്ക് തിരഞ്ഞെടുത്തതെന്ന് മൊണ്ടൽ പറഞ്ഞു. കോവിഡിന് ശേഷം ഇതാദ്യമായാണ് വിദ്യാർത്ഥികൾക്ക് ഇത്രയും വലിയ അന്താരാഷ്ട്ര ഓഫറുകൾ ലഭിക്കുന്നതെന്ന് ജെ.യുവിലെ പ്ലേസ്‌മെന്റ് ഓഫീസർ സമിത ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിക്കാലം മുതൽ മികച്ച വിദ്യാർത്ഥിയായിരുന്നു മോണ്ടൽ എന്ന് അംഗൻവാടി ജീവനക്കാരിയായ മൊണ്ടലിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
"ഇത് ഞങ്ങൾക്ക് അഭിമാനകരമായ കാര്യമാണ്. അവൻ കൂടുതൽ ഉയരങ്ങളിലെത്തുന്നത് കാണാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. പഠിത്തത്തിന്റെ കാര്യത്തിൽ എപ്പോഴും ഗൗരവത്തിലായിരുന്നു. ഹയർസെക്കൻഡറി പരീക്ഷകളിലും ജോയിന്റ് എൻട്രൻസ് പരീക്ഷയിലും മികച്ച മാർക്ക് നേടിയതിന് ശേഷം അവന് ജാദവ്പൂർ സർവകലാശാലയിൽ പ്രവേശനം ലഭിച്ചു" -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.