ന്യൂഡൽഹി: പുതിയ പാർലമെൻറ് മന്ദിരത്തിൽ പ്രസംഗം തൽസമയം പരിഭാഷപ്പെടുത്തുന്ന സംവിധാനം കാര്യക്ഷമമല്ലാതിരുന്നതിനാൽ ഡാനിഷ് അലിക്ക് നേരെ രമേശ് ബിധുരി ഉപയോഗിച്ച വാക്കുകൾ മനസ്സിലായില്ലെന്നും അറിഞ്ഞ നിമിഷം നടപടി കൈക്കൊണ്ടുവെന്നും ലോക്സഭാ ചെയർപേഴ്സൻ കൂടിയായ കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് തനിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ചു.
ഡാനിഷ് അലി എം.പിക്കുണ്ടായ വേദനയും അപമാനവും ഉൾക്കൊണ്ട് മുസ്ലിം സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതാണ് രമേശ് ബിധുരിയുടെ പരാമർശങ്ങൾ എന്ന് മനസ്സിലാക്കി നീതി ഉറപ്പു വരുത്താൻ പരിശ്രമിച്ചുവെന്ന് സുരേഷ് വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വിശദീകരണം: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഉണ്ടായ അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവങ്ങളിൽ വിശദീകരണം നൽകേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. സംഭവത്തിൽ താൻ മതിയായ രീതിയിൽ ഇടപെട്ടില്ല എന്ന രീതിയിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ദൗർഭാഗ്യകരമാണ്. ലോക്സഭയിൽ ചന്ദ്രയാൻ ചർച്ചയുടെ അവസാന സമയത്ത് രാത്രി 10:53 നാണ് ബി.ജെ.പിയുടെ രമേശ് ബിധുരി എന്ന കുപ്രസിദ്ധനായ അംഗം തന്റെ പ്രസംഗം ആരംഭിച്ചത്.
പ്രസംഗം തൽസമയം പരിഭാഷപ്പെടുത്തുന്ന സംവിധാനം പുതിയ പാർലമെൻറ് മന്ദിരത്തിൽ അത്ര കാര്യക്ഷമമല്ലാത്തതിനാൽ രമേശ് ബിധുരി ഡാനിഷ് അലി എം.പിക്ക് നേരെ വിദ്വേഷപരമായ വാക്കുകൾ ഉപയോഗിച്ചത് മനസ്സിലായില്ല. അത് അറിഞ്ഞ ആ നിമിഷം തന്നെ സഭാനാഥൻ എന്ന നിലയിൽ നിന്ദ്യമായ പരാമർശങ്ങൾ എല്ലാം തന്നെ രേഖകളിൽനിന്ന് ഒഴിവാക്കുക എന്ന നടപടി സ്വീകരിച്ചു.
തുടക്കം മുതൽ തന്നെ സഭ നിയന്ത്രിക്കുന്ന വ്യക്തി എന്ന നിലയിൽ ബിധുരിക്കെതിരെ പല തവണ മുമ്പും താക്കീതുകൾ നൽകിയിട്ടുണ്ട് എന്നും കൊടിക്കുന്നിൽ ഓർമിപ്പിച്ചു. രമേശ് ബിധുരിയുടെ ഭാഗത്ത്നിന്ന് വന്നത് അയാൾ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പി-സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ ഭാഗമായ വർഗീയതയും വെറുപ്പുമാണ്. എത്ര പുതിയ പാർലമെൻറ് മന്ദിരം പണിഞ്ഞാലും, എത്രയൊക്കെ വികസനത്തിന്റെ വ്യാജപ്രചാരണങ്ങൾ നടത്തിയാലും, ബി.ജെ.പിയുടെ ജാതീയതയുടെയും മുസ്ലിം വിരുദ്ധതയുടെയും മനോഭാവം മാറുന്നില്ല.
സംഘ്പരിവാർ വർഗീയ വാദികൾക്കെതിരെ എന്നും എക്കാലത്തും കൃത്യമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള എന്റെ രാഷ്ട്രീയ ജീവിതം ഓരോ മലയാളിക്കും അറിയാവുന്നതാണ്. വർഗീയതക്കെതിരെ നിരന്തരം പോരാടുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവർത്തകനായ ഞാൻ എന്റെ അവസാന ശ്വാസം വരെയും വർഗീയതക്കും ജാതീയതക്കും എതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.
ചെയർപേഴ്സൻ എന്നനിലക്ക് തന്നിലേൽപിച്ച ഉത്തരവാദിത്തം ഭരണഘടനാ ചൈതന്യവും സഭാമൂല്യങ്ങളും ഉറപ്പുവരുത്തി താൻ നിർവഹിച്ചുവരുന്നതാണെന്ന് സ്പീക്കർക്ക് നൽകിയ കത്തിൽ കൊടിക്കുന്നിൽ വ്യക്തമാക്കി. എന്നാൽ, ഏറെ നിർഭാഗ്യകരമായ സംഭവത്തിൽ സഭക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് ബി.ജെ.പി എം.പി രമേശ് ബിധുരി പെരുമാറിയത്. നമ്മുടെ കാതലായ മൂല്യങ്ങളെ ആ സംഭവം പിടിച്ചുലച്ചു.
തന്റെ പ്രസംഗത്തിൽ ഡാനിഷ് അലി എം.പിക്കെതിരെ വഷളൻ പദങ്ങളും വർഗീയ പരാമർശങ്ങളും നിന്ദ്യവും വെറുപ്പുളവാക്കുന്നതുമായ അഭിപ്രായ പ്രകടനങ്ങളുമാണ് ബിധുരി നടത്തിയത്. സഭയിലെ പ്രതിഷേധത്തിൽ പറയുന്നത് കൃത്യമായി കേൾക്കാൻ കഴിഞ്ഞില്ലെങ്കിലും വിദ്വേഷം നിറഞ്ഞ പരാമർശങ്ങൾ അത്രയും നീക്കാൻ ഉത്തരവിട്ടു. സഹ എം.പിയുടെ മതം നോക്കി അത്രയും നിന്ദ്യമായ പരാമർശങ്ങൾ നടത്തുകയും സഭക്ക് പുറത്ത് നേരിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് ഞെട്ടിക്കുന്നതാണ്. അതിനാൽ സഭയിൽനിന്നുള്ള സസ്പെൻഷൻ അടക്കം കർശന നടപടികൾ കൈക്കൊണ്ട് വിഷയം അവകാശലംഘന കമ്മിറ്റിക്ക് വിടണം’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.