ജയ്പൂർ: കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ഖാർഗെ-തരൂർ പോരാട്ടത്തിൽ മല്ലികാർജുൻ ഖാർഗെക്ക് പരസ്യപിന്തുണയുമായി മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. പ്രതിപക്ഷമെന്ന നിലയിൽ ഖാർഗെ കോൺഗ്രസിനെ കൂടുതൽ ശക്തമാക്കുമെന്ന് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു. ഈ കാലഘട്ടത്തിന്റെ ആവശ്യം എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാക്കളോട് സംസാരിക്കാൻ കഴിവുള്ള അത്തരമൊരു വ്യക്തിയെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.
ഖാർഗെ സമ്പന്നമായ വ്യക്തിത്വമുള്ള പാർട്ടിയുടെ പരിചയ സമ്പന്നനായ നേതാവാണ്. ഒമ്പത് നിയമസഭ തെരഞ്ഞെടുപ്പുകളിലും രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും വിജയിച്ച വ്യക്തിയാണ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 50 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്.
കേന്ദ്രത്തിലോ നിയമസഭയിലോ ലോക്‌സഭയിലോ ദീർഘനാളത്തെ അനുഭവ സമ്പത്തുള്ളവൻ കോൺഗ്രസ് അധ്യക്ഷനാകണം. അതോടൊപ്പം, നേതാക്കളുമായുള്ള ബന്ധവും പ്രതിപക്ഷ നേതാക്കളുമായി സംസാരിക്കാനുള്ള കഴിവും അദ്ദേഹത്തിന് ഇന്നുണ്ട്, അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി.
എൻ.ഡി.എക്കെതിരെയാണ് എല്ലാ പ്രതിപക്ഷ നേതാക്കളും ഒരുമിച്ച് പോരാടേണ്ടത്. എല്ലാ പാർട്ടികളോടും ചേർന്ന് പോരാടാൻ കെൽപ്പുള്ള ഒരു വ്യക്തിത്വം ഉണ്ടാകണം. പ്രതിനിധികൾ ഖാർഗെയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജയിച്ച ശേഷം ഖാർഗെ നമ്മളെ നയിക്കും. പ്രതിപക്ഷമെന്ന നിലയിൽ പാർട്ടിയെ കൂടുതൽ ശക്തമാക്കും. ഇതാണ് എന്റെ ചിന്ത -വിഡിയോ ഗെഹ്ലോട്ട് വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥികളോട് ഭാരവാഹിസ്ഥാനങ്ങൾ വഹിക്കുന്ന പാർട്ടി നേതാക്കൾ വിവേചനപരമായി പെരുമാറുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ശശി തരൂർ ആരോപിച്ചത്. തന്റെ എതിർസ്ഥാനാർഥി മല്ലികാർജുൻ ഖാർഗെക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിനുവേണ്ടി യോഗം വിളിക്കുന്നു. ഇതൊക്കെ തെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർഥികൾക്കും തുല്യപരിഗണന നൽകുക എന്ന നയത്തിന് വിരുദ്ധമാണെന്ന് തരൂർ പറഞ്ഞിരുന്നു.
വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചപ്പോൾ ഒരു കൂടിക്കാഴ്ചക്കുപോലും പി.സി.സി പ്രസിഡന്റുമാരടക്കം മുതിർന്ന നേതാക്കൾ തയാറായില്ല. എന്നാൽ, ഖാർഗെ ചെന്നപ്പോൾ ഊഷ്മളമായി സ്വീകരിച്ചു. വോട്ടർപട്ടിക വെച്ച് എല്ലാ വോട്ടർമാരെയും ബന്ധപ്പെടാൻതന്നെ കഴിയുന്നില്ല. നിരവധി പേരുടെ മേൽവിലാസമോ ഫോൺ നമ്പറോ വോട്ടർപട്ടികയിൽ ഇല്ല. അപൂർണമായ പട്ടികക്ക് ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഡൽഹി പി.സി.സിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ശശി തരൂർ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.