മല്ലികാർജുൻ ഖാർഗെ പ്രണബ് മുഖർജിയോടൊപ്പം (ഫയൽ ചിത്രം)

‘സമാധാനം നമ്മുടെ ആശയമാകണം, പുരോഗതി ലക്ഷ്യവും’; പ്രണബ് മുഖർജിയെ അനുസ്മരിച്ച് ഖാർഗെ

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യനിർമാണത്തിലും പൊതുജീവിതത്തിലും പ്രണബ് മുഖർജി നൽകിയ നിർണായക സംഭാവനകളെ ഖാർഗെ അനുസ്മരിച്ചു.

“സമാധാനം നമ്മുടെ ആശയമാകണം, പുരോഗതിയാകണം നമ്മുടെ ലക്ഷ്യം” എന്ന പ്രണബ് മുഖർജിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ഖാർഗെ എക്സിൽ അനുസ്മരണ കുറിപ്പ് പങ്കുവെച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ കാലം രാജ്യത്തിന്റെ പൊതുജീവിതത്തിൽ സജീവമായിരുന്ന പ്രണബ് മുഖർജിയുടെ വിശാലമായ അനുഭവസമ്പത്തും വിവിധ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും അദ്ദേഹം വഹിച്ച ഭരണഘടനാപരമായ പദവികൾക്ക് കൂടുതൽ മികവ് നൽകിയെന്നും ഖാർഗെ പറഞ്ഞു.

2012 മുതൽ 2017 വരെ ഇന്ത്യയുടെ 13-ാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജി അതിന് മുമ്പ് ധനകാര്യം, പ്രതിരോധം, വിദേശകാര്യം, വാണിജ്യം തുടങ്ങിയ പ്രധാന കേന്ദ്രമന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.

1969ൽ രാജ്യസഭയിലൂടെയാണ് അദ്ദേഹം പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതിയിൽ ദീർഘകാലം അംഗമായിരുന്ന അദ്ദേഹം 2004ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ഭരണപരിഷ്കാരം, വിവരാവകാശം, ഭക്ഷ്യസുരക്ഷ, ഊർജസുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളിലെ മന്ത്രിതല സമിതികൾക്ക് അദ്ദേഹം നേതൃത്വം നൽകി.

പ്രണബ് മുഖർജിയുടെ ചരമവാർഷികത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ആദരാഞ്ജലി അർപ്പിച്ചു. വിവിധ അഭിപ്രായങ്ങളെ ഒരുമിപ്പിച്ച് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ സമവായത്തിലെത്തിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

1935 ഡിസംബർ 11ന് പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ മിറാത്തി ഗ്രാമത്തിൽ ജനിച്ച പ്രണബ് മുഖർജി അധ്യാപകനായും മാധ്യമപ്രവർത്തകനായും ജോലി ചെയ്ത ശേഷമാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. 2008ൽ പത്മവിഭൂഷൺ ലഭിച്ച അദ്ദേഹം 84-ാം വയസ്സിൽ 2020 ആഗസ്റ്റ് 31നാണ് ഈ ലോകത്തോട് വിടപറഞ്ഞത്.

Tags:    
News Summary - Kharge Remembers Pranab Mukherjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.