നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം ഏറ്റെടുത്ത് ഇ.ഡി; സി.ബി.ഐ രേഖകൾ ആവശ്യപ്പെട്ടു

ന്യൂഡൽഹി: നീറ്റ് യു.ജി 2026 ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇപ്പോൾ കേസിലേക്ക് കടന്നിരിക്കുകയാണ്. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സി.ബി.ഐ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്.

നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ സാമ്പത്തിക ഇടപാടുകൾ പുറത്തുകൊണ്ടുവരുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് നടപടികൾ ആരംഭിച്ചു. കേസിന്റെ അന്വേഷണം നടത്തുന്ന കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയുടെ കയിലുള്ള മുഴുവൻ രേഖകളും നൽകണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ചോർച്ചക്ക് പിന്നിലുള്ള സാമ്പത്തിക ക്രമക്കേടുകളും പണമിടപാടുകളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം, സാക്ഷിമൊഴികൾ, കേസുമായി ബന്ധപ്പെട്ട മറ്റ് പ്രധാന രേഖകൾ എന്നിവയുടെ പകർപ്പുകളാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ വലിയ തോതിലുള്ള പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഇ.ഡി ഔദ്യോഗികമായി വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചത്.

തടസ്സമില്ലാതെ കേസുമായി മുന്നോട്ട് പോകാൻ കോടതി നടപടികൾ പൂർത്തിയാകുന്നതുവരെ ഇ.ഡി കാത്തിരിക്കുകയാണ്. ഡൽഹിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നിലവിൽ നടക്കുന്ന സി.ബി.ഐ കേസിന്റെ വിചാരണക്ക് ശേഷം മാത്രമേ പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലാണ് കേസിലെ 13 പ്രതികൾക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. നാഷണൽ ടെസ്റ്റിങ് ഏജൻസി ചുമതലപ്പെടുത്തിയ പരീക്ഷാ വിദഗ്ധർ ഉൾപ്പെടെയുള്ളവരാണ് ചോദ്യങ്ങൾ ചോർത്തിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ചോർച്ചയിൽ ഉൾപ്പെട്ടവരെയും ആനുകൂല്യം ലഭിച്ച വിദ്യാർഥികളെയും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 360 സാക്ഷികളും നൂറുകണക്കിന് രേഖകളും ഉൾപ്പെടുത്തിയാണ് സി.ബി.ഐ തങ്ങളുടെ വാദങ്ങൾ കോടതിയിൽ വ്യക്തമാക്കിയത്.

Tags:    
News Summary - ED takes over investigation into NEET-UG question paper leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.