സായുധസംഘം  മോചിപ്പിച്ച ഖാലിസ്താന്‍ തീവ്രവാദി പിടിയില്‍

ന്യൂഡല്‍ഹി: പഞ്ചാബിലെ നാഭ ജയിലില്‍നിന്ന് സായുധസംഘം മോചിപ്പിച്ച ഖാലിസ്താന്‍ ലിബറേഷന്‍ ഫ്രണ്ട് തലവന്‍ ഹര്‍മിന്ദര്‍ സിങ് മിന്‍റു ഡല്‍ഹിയില്‍ പിടിയിലായി. ട്രെയിന്‍ മാര്‍ഗം മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ പൊലീസ് വലയിലായത്. ഞായറാഴ്ചയാണ് പൊലീസ് വേഷത്തിലത്തെിയ തോക്കുധാരികള്‍ പട്യാല ജില്ലയിലെ അതീവ സുരക്ഷയുള്ള നാഭ ജയില്‍ ആക്രമിച്ച് ഹര്‍മിന്ദര്‍ സിങ്ങിനെയും ഗുണ്ടാതലവന്മാരും കൊടും കുറ്റവാളികളുമായ കാശ്മീര സിങ്,  വിക്കി ഗോണ്ടര്‍, ഗുര്‍പ്രീത് സെഖോണ്‍, നിത ഡിയോള്‍, വിക്രംജീത് എന്നിവരെയും മോചിപ്പിച്ചത്. അഞ്ചു പേരെ ഇതുവരെ പിടികൂടാനായിട്ടില്ല.  കോടതിയില്‍ ഹാജരാക്കിയ ഹര്‍മിന്ദര്‍ സിങ്ങിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 


പര്‍മീന്ദറിന്‍െറ മൊഴിയില്‍ മിന്‍റു കുടുങ്ങി 
ന്യൂഡല്‍ഹി: നാഭ ജയില്‍ ആക്രമണത്തില്‍ രക്ഷപ്പെട്ട ഖാലിസ്താന്‍ തീവ്രവാദി ഹര്‍മീന്ദര്‍ സിങ് മിന്‍റു ഒരു ദിവസത്തിനകം പിടിയിലായത് ജയില്‍ ആക്രമണത്തില്‍ പങ്കെടുത്തവരില്‍പെട്ട പര്‍മിന്ദര്‍ സിങ്ങിന്‍െറ മൊഴിയെ തുടര്‍ന്ന്. പര്‍മിന്ദര്‍ സിങ്ങിനെ യു.പിയില്‍ വെച്ച് ഞായറാഴ്ച രാത്രിതന്നെ പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഹര്‍മിന്ദര്‍ സിങ്ങിനെ  പിടികൂടാനായത്. ഡല്‍ഹിയിലത്തെിയ ഹര്‍മിന്ദര്‍ സിങ് ഒരു ബന്ധുവിനെ ഫോണില്‍ വിളിച്ചത് ചോര്‍ന്നുകിട്ടിയതും പൊലീസിന് സഹായകരമായെന്ന് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ കമീഷണര്‍ അര്‍വിന്ദ് ദീപ് പറഞ്ഞു. നാഭ ജയിലില്‍നിന്ന് രക്ഷപ്പെട്ടശേഷം ഹരിയാനയിലേക്ക് കടന്ന ഹര്‍മിന്ദര്‍ അവിടെനിന്ന് ജയില്‍ ചാടിയ ഗുണ്ടാ സംഘവുമായി വഴിപിരിഞ്ഞു. തുടര്‍ന്ന് 90 കി.മീ ബസില്‍ സഞ്ചരിച്ചാണ് ഡല്‍ഹിയിലത്തെിയത്. ഹര്‍മീന്ദര്‍ സിങ്ങിനെ പിടികൂടിയ പൊലീസിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ അഭിനന്ദിച്ചു.

 18 വര്‍ഷം താമസിച്ചതിന്‍െറ പരിചയമുള്ള ഗോവയില്‍ ഒളിച്ചുകഴിയാനായിരുന്നു 49കാരനായ ഹര്‍മിന്ദറിന്‍െറ പദ്ധതി. ആളെ തിരിച്ചറിയാതിരിക്കാന്‍ നീണ്ട താടി വെട്ടിയൊതുക്കിയിരുന്നുവെങ്കിലും പൊലീസിനെ കബളിപ്പിക്കാനായില്ല. മുംബൈ വഴി ഗോവയിലേക്ക് കടക്കാനായിരുന്നു പരിപാടിയെന്നാണ് ഇയാള്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാസംഘമാണ് ജയില്‍ ചാട്ടം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും ഈ നീക്കം മനസ്സിലാക്കിയ ഹര്‍മിന്ദര്‍ സിങ് ഇവര്‍ക്കൊപ്പം ചേരുകയായിരുന്നുവെന്നുമാണ് അക്രമത്തില്‍ പങ്കെടുത്ത് പിടിയിലായ പര്‍മിന്ദര്‍ സിങ്ങിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച പ്രാഥമിക വിവരം.  സ്ഫോടവസ്തു ശേഖരം പിടികൂടിയത് ഉള്‍പ്പെടെ പത്തിലേറെ തീവ്രവാദ കേസുകളില്‍ പ്രതിയായ ഹര്‍മിന്ദര്‍ സിങ് 2014ലാണ് പിടിയിലായത്. 

നാഭ ജയിലാക്രമണം: സംഘത്തില്‍ എട്ടുപേരെന്ന് തലവന്‍
മുസഫര്‍നഗര്‍ (യു.പി): പഞ്ചാബിലെ നാഭ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം നടത്തി ആറ് തടവുകാരെ മോചിപ്പിച്ചത് എട്ടു പേരെന്ന് പിടിയിലായ സംഘത്തലവന്‍ പര്‍മിന്ദര്‍ സിങ്. ഇതില്‍ അഞ്ചു പേര്‍ യു.പിയിലെ കര്‍ണാലിലും പാനിപ്പത്തിലും ഒളിവിലാണെന്നും സംഭവദിവസം രാത്രി യു.പിയിലെ ഷാംലിയില്‍ പിടിയിലായ പര്‍മിന്ദര്‍ പൊലീസിനോട് വെളിപ്പെടുത്തി.  സംഘത്തിലെ മറ്റുള്ളവരുമായി വാട്സ്ആപ് വഴി ബന്ധപ്പെട്ടിരുന്നു. ഡെറാഡൂണിലേക്ക് പോകുമ്പോള്‍ ഷാംലി ജില്ലയിലെ കൈറാന ചെക്ക്പോസ്റ്റിലാണ് പര്‍മിന്ദര്‍ പിടിയിലായത്. രണ്ട് ആധുനിക തോക്കുകളും മൂന്ന് റൈഫിളുകളും 544 വെടിയുണ്ടകളും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. അതിനിടെ, ഹരിയാനയിലെ കൈതാല്‍ ജില്ലയിലെ ഫറാല്‍ ഗ്രാമത്തില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടത്തെി. ഇതേ ജില്ലയില്‍ ഞായറാഴ്ച രാത്രി ഉപേക്ഷിക്കപ്പെട്ട മറ്റൊരു കാര്‍ കണ്ടത്തെിയിരുന്നു. പഞ്ചാബ് പൊലീസിന്‍െറ കുപ്പായവും കീറിയ കടലാസില്‍ ചില ഫോണ്‍ നമ്പറുകളും കാറിലുണ്ടായിരുന്നു. ജയില്‍ ആക്രമണത്തിന് വന്നവര്‍ ഉപയോഗിച്ചതാണെന്ന് സംശയമുണ്ട്.

Tags:    
News Summary - Khalistani Terrorist Harminder Singh Mintoo Who Escaped From Punjab Jail Caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.