പാലക്കാട് കൊല്ലപ്പെട്ട സുബൈർ, എസ്.കെ. ശ്രീനിവാസൻ

ഭീതി വിതച്ച് ഇരു സംഘങ്ങൾ; ആറ് മാസത്തിനിടെ വാൾമുനയിൽ പിടഞ്ഞത് അഞ്ച് ജീവനുകൾ

പാലക്കാട് ജില്ലയിൽ 24 മണിക്കൂറിനിടെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലും ആർ.എസ്.എസിലും പെട്ട രണ്ട് രാഷ്ട്രീയ പ്രവർത്തകരുടെ ദാരുണമായ കൊലപാതകങ്ങൾ കേരളത്തെ വീണ്ടും മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. രണ്ട് സംഘടനകൾ തമ്മിലുള്ള പക കഴിഞ്ഞ ആറ് മാസത്തിനിടെ ആകെ അഞ്ച് ജീവനുകളാണ് അപഹരിച്ചത്. 2021 നവംബറിൽ ആരംഭിച്ച ആലപ്പുഴ, പാലക്കാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പ്രതികാര കൊലപാതക പരമ്പരയിലെ ഏറ്റവും അവസാനത്തേതാണ് ശനിയാഴ്ച രാഷ്ട്രീയ സ്വയം സംഘത്തിന്റെ (ആർ.എസ്.എസ്) മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് കെ.എസ്. ശ്രീനിവാസന്റെ കൊലപാതകം. ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്ത് പാലക്കാട് കൊല്ല​പ്പെട്ടിരുന്നു.

ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ പാലക്കാട് ടൗണിലെ മേലാമുറിയിലുള്ള കടയിൽ മൂന്ന് ബൈക്കുകളിലായി എത്തിയ അക്രമികളാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഏപ്രിൽ 15ന് ഇതേ ജില്ലയിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് കൊലപാതകമെന്ന് സംശയിക്കുന്നു.

2021ൽ എസ്.ഡി.പി.​​​ഐ പ്രവർത്തകൻ സർക്കീർ ഹുസൈനെ ആർ.എസ്.എസ് സംഘം മാരകമായി വെട്ടിപരിക്കേൽപിച്ചിരുന്നു. പിന്നാലെ, ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ജില്ലയിൽ അന്തരീക്ഷം പാടെ മാറുന്നത്. ഇതിനെ തുടർന്ന് തക്കം പാർത്തിരുന്ന സംഘമാകാം സുബൈറിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

സുബൈറിനും ശ്രീനിവാസനും നേരെ ആക്രമണം നടന്ന സ്ഥലങ്ങൾ

കൊല്ലപ്പെട്ട സുബൈറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച വിലാപയാത്രയായി എലപ്പുള്ളിയിലേക്ക് കൊണ്ടുപോയി. ഏതാണ്ട് ഇതേ സമയത്താണ് ശ്രീനിവാസന് സമീപപ്രദേശത്ത് വെട്ടേറ്റത്. ബി.ജെ.പിയും കോൺഗ്രസും പൊലീസിനെയും സംസ്ഥാന സർക്കാറിനെയും വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ സുബൈർ കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ജില്ലയിൽ ക്യാമ്പ് ചെയ്തിരുന്നത് എന്തിനെന്ന് അന്വേഷിക്കണമെന്ന് പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ 300 പേരടങ്ങുന്ന പൊലീസ് ബറ്റാലിയനെ വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്രമസമാധാന ചുമതലയുള്ള അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് വിജയ് സാഖറെ ശനിയാഴ്ച വൈകീട്ട് പാലക്കാട്ടെത്തി. സമൂഹമാധ്യമങ്ങളിലൂടെ വർഗീയ സംഘർഷമുണ്ടാക്കുന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു.

ആലപ്പുഴയിൽ കൊല്ലപ്പെട്ട അഡ്വ. കെ.എസ്.​ ഷാൻ, രഞ്​ജിത്​ ശ്രീനിവാസൻ

2021 നവംബർ 15നാണ് പട്ടാപ്പകൽ ഭാര്യയുടെ കൺമുന്നിൽ വച്ച് ആർ.എസ്.എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിത്ത് കൊല്ലപ്പെട്ടത്. കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം അക്രമികൾ ഇയാളുടെ ബൈക്കിന് പിന്നിൽ നിർത്തി വെട്ടുകയായിരുന്നു. ഏപ്രിൽ 15 ന് വിഷുദിനത്തിൽ കൊല്ലപ്പെട്ട സുബൈറും സമാന രീതിയിൽ പള്ളിയിൽ നിന്ന് ബൈക്കിൽ പിതാവിനൊപ്പം പ്രാർഥന കഴിഞ്ഞ് മടങ്ങുമ്പോൾ കൊല്ലപ്പെടുകയായിരുന്നു. പി.എഫ്.ഐയുടെ പാറ ഏരിയാ സെക്രട്ടറിയാണ് സുബൈർ.

2021 ഡിസംബർ 18നാണ് ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ നാലംഗസംഘം വെട്ടിക്കൊന്നത്. ആർ.എസ്.എസ്-ബി.ജെ.പി സംഘമാണ് കൊലക്ക് പിന്നിലെന്ന് എസ്.ഡി.പി.ഐ ആരോപിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ മറ്റൊരു കൊലപാതകം റിപ്പോർട്ട് ചെയ്തു. കേരള ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമായ രഞ്ജിത്ത് ശ്രീനിവാസൻ വെട്ടേറ്റു മരിച്ചു. ഇതിൽ നാല് കൊലപാതകവും 24 മണിക്കൂറിനിടെ സംഭവിച്ചതാണ്. ഇതിന്റെ ഞെട്ടലിലാണ് കേരളം. 

കെ.എസ്.​ ഷാന്‍റെയും രഞ്​ജിത്​ ശ്രീനിവാസന്‍റെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ

അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചു. സംഭവത്തിനു പിന്നിൽ സ്ഥിരം ആർ.എസ്.എസ് ക്വട്ടേഷൻ സംഘമാണെന്ന് പറയുന്നു. അന്വേഷണം പഴയ വെട്ടുകേസിലേക്കാണ് ചെന്നെത്തുന്നത്. നേരത്തെ എസ്.ഡി.പി.​​​ഐ പ്രവർത്തകൻ സർക്കീർ ഹുസൈനെ മാരകമായി വെട്ടിപരിക്കേൽപിച്ച കേസിലെ പ്രതികൾ തന്നെയാണ് ഈ ​കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. ആ സംഘത്തിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ഈ പ്രതികളെ കേ​ന്ദ്രീകരിച്ചാണ് അന്വേഷണം.

ഇവർ ഒരുമാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരടങ്ങിയ അഞ്ചു പേരാണ് സംഘത്തിലെന്ന് പറയുന്നു. കൊലപാതകികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. ഇതനുസരിച്ച് തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സുബൈറിന്റെ കൊലപാതകത്തിന് ഉപയോഗിച്ച കാർ കഞ്ചിക്കോട്ട് ഉപേക്ഷിച്ച സാഹചര്യത്തിൽ പ്രതികൾ പാലക്കാടിന്റെ പലഭാഗത്തായി ഒളിവിൽ കഴിയുന്നുണ്ടാവുമെന്നും സംശയിക്കുന്നു. ഇതിനിടെ, പ്രതികളെ പിടികൂടാൻ പൊലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ആരോപണവുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തി.

Tags:    
News Summary - Kerala on the edge as PFI-RSS violence claims five lives in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.