ന്യൂഡൽഹി: എമ്പുരാൻ വന്നപ്പോൾ തന്നെ ഇഡി റെയ്ഡ് വരുമെന്ന് മനസിലാക്കേണ്ടേയെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ എം.പി. ഇനിയും കുറേ സ്ഥലത്ത് റെയ്ഡുകൾ ഉണ്ടാകുമെന്നും ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ നടക്കുന്ന ഇഡി റെയ്ഡിനെ കുറിച്ച് ചോദിച്ചപ്പോൾ കെ.സി വേണുഗോപാൽ പറഞ്ഞു. ഇതൊന്നും ഫാഷിസമല്ലെങ്കിൽ മറ്റെന്താണ് ഫാഷിസമെന്ന് സി.പി.എം പാർട്ടി കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാറിനെതിരെ രൂക്ഷവിമർശനവുമായി ഇറങ്ങിയ ‘എമ്പുരാൻ’ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുകയും ഓഫിസുകളിൽ റെയ്ഡ് നടത്തുകയും ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍റ് ഫിന്‍സിലും കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം ഗ്രാന്‍ഡ് കോര്‍പറേറ്റ് ഓഫിസിലുമാണ് രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് ചെന്നൈയില്‍ പരിശോധന നടത്തുന്നത്.
‘എമ്പുരാൻ’ സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരിൽ സംഘ്പരിവാർ നേതാക്കൾ കടുത്ത വിദ്വേഷ പ്രസ്താവനകളുമായി രംഗത്തുവന്നിരുന്നു. ലൈയ്ക്ക പ്രൊഡക്ഷൻസ് നിർമാണത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഗോകുലം ഗോപാലൻ ‘എമ്പുരാൻ’ ഏറ്റെടുത്തത്. വിവാദമായതോടെ, പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ല എന്നും ഗോപാലൻ വിശദീകരിച്ചിരുന്നു. പിന്നാലെ, സിനിമയിൽ പലരംഗങ്ങളിലും കടുംവെട്ട് നടത്തുകയും ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.