സംഘ്പരിവാര്‍ ഗർവ് തല്ലിതകര്‍ത്ത വിജയമെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡൽഹി: പണാധിപത്യവും അധികാര ഗർവും ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാൻ കഴിയുമെന്നു അഹങ്കരിച്ച സംഘ്പരിവാര്‍ ഏകാധിപതികളുടെ മുഖത്ത് ഏറ്റ കനത്ത പ്രഹരമാണ് കർണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ബി.ജെ.പിയുടെ മോദി ബ്രാൻഡെന്നത് വെറും ഊതിപ്പെരുപ്പിച്ച നീര്‍ക്കുമിളയാണെന്ന് ജനം വിധിയെഴുതി. മോദി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ സ്ഥലങ്ങളിലെല്ലാം ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ ബി.ജെ.പിയുടെ പരാജയം മോദിയുടെ കൂടിയാണ്. പ്രതിപക്ഷത്തെ ശബ്ദത്തെ ഇല്ലായ്മചെയ്ത് അധികാര ദുര്‍വിനിയോഗം നടത്തുന്ന ബി.ജെ.പിയെയും മോദിയെയും ജനം വെറുക്കുന്നുവെന്ന സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ് കര്‍ണാടകയിലെ വിധിയെഴുത്ത്. അന്വേഷണ ഏജന്‍സികളെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെ ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ബി.പി. കന്നഡ ജനത നല്‍കിയത് ശക്തമായ താക്കീതാണ്. ചിക്കമംഗളൂരു ലോക്സഭാ മണ്ഡലത്തിലെ 1978 ലെ ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി നേടിയ ഉജ്ജ്വല ജയത്തിലൂടെ കോൺഗ്രസ് പാർട്ടിയുടെ തിരിച്ചുവരവിന് കളമൊരുക്കിയ സന്ദേശമാണ് ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്.

ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയതലത്തിലുണ്ടാകാന്‍ പോകുന്ന മാറ്റത്തിന്‍റെ ചവിട്ടുപടി കൂടിയാണ് കര്‍ണാടകയിലെ ജനവിധി. തെരഞ്ഞെടുപ്പില്‍ അലയടിച്ചത് രാഹുല്‍ ഗാന്ധി തരംഗമാണ്. ബി.ജെ.പിയുടെ വെറുപ്പിന്‍റെ രാഷ്ട്രീയത്തെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നീട്ടിയ സ്നേഹത്തിന്‍റെ രാഷ്ട്രീയം കൊണ്ട് നേരിടാമെന്ന ആത്മധൈര്യമാണ് കന്നഡ ജനത കാട്ടിതന്നത്. ‘ഭാരത് ജോഡോ യാത്ര’കടന്നുപോയ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് വൻ വിജയം നേടി. ഭാരത് ജോഡോ യാത്ര പകർന്നു നൽകിയ ഊർജവും ആവേശവും ഐക്യവും രാജ്യത്തു കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനു വഴിയൊരുക്കുമെന്നതില്‍ സംശയമില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Tags:    
News Summary - KC venugopal about karnataka assembly election victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.