ശ്രീനഗർ: തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ നിന്ന് സൈനികനെ കാണാതായി. ഈദിന് വീട്ടിലേക്ക് അവധിയിൽ പോയ ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിൽ പെട്ട റൈഫിൾമാൻ ജാവേദ് അഹ്മദിനെയാണ്(25) കാണാതായത്. ഇദ്ദേഹം അവധി കഴിഞ്ഞ് തിരിച്ചെത്തി നാളെയാണ് ജോലിക്ക് കയറേണ്ടത്.
കഴിഞ്ഞ ദിവസം വൈകീട്ട് 6.30ന് ഓൾട്ടോ കാറിൽ സാധനങ്ങൾ വാങ്ങാനായി വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. എന്നാൽ രാത്രി ഒമ്പതു മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ തിരച്ചിൽ തുടങ്ങിയത്. കാറ് മാർക്കറ്റിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതിൽ രക്തക്കറയുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.
കശ്മീർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏതാനും പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. സുരക്ഷ സേനയും സൈനികനു വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്. സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി കുടുംബം അറിയിച്ചു. അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇനി സൈന്യത്തിലേക്ക് ജോലിക്ക് അയക്കില്ലെന്നും പറഞ്ഞ് മാതാവ് കരഞ്ഞ് അഭ്യർഥിക്കുന്ന വിഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
ലഡാക്കിലായിരുന്നു മകന്റെ പോസ്റ്റിങ് എന്നും ഈദ് അവധി കഴിഞ്ഞ് നാളെ ജോലിക്ക് ഹാജരാവാനിരിക്കുകയായിരുന്നുവെന്നും സൈനികന്റെ പിതാവ് അയൂബ് വാനി പറഞ്ഞു. മുൻകാലങ്ങളിൽ ഈ പ്രദേശത്ത് നിന്ന് നിരവധി സൈനികരെ സമാന രീതിയിൽ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.