കശ്മീരില്‍ വീണ്ടും സ്കൂള്‍ കെട്ടിടം തീവെച്ച് നശിപ്പിച്ചു

ശ്രീനഗര്‍: കശ്മീരിലെ ബന്ദിപോര ജില്ലയില്‍ സെയ്ദ്നരയിലെ  സര്‍ക്കാര്‍ ഹൈസ്കൂള്‍ കെട്ടിടം അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. വിവരമറിഞ്ഞ് അഗ്നിശമനസേന കുതിച്ചത്തെുമ്പോഴേക്കും കെട്ടിടം തീയിലമര്‍ന്നിരുന്നു. കശ്മീരില്‍ അടുത്തകാലത്തായി സ്കൂള്‍ കെട്ടിടങ്ങള്‍ക്കുനേരെ വ്യാപക അക്രമം നടക്കുന്നുണ്ട്. ഇതിനകം മുപ്പത്തിരണ്ടോളം വിദ്യാലയങ്ങള്‍ നശിപ്പിക്കപ്പെട്ടതായി പൊലീസ് അറിയിച്ചു. ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സുരക്ഷാസേനയുമുണ്ടായ ഏറ്റുമുട്ടലില്‍  കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് സ്കൂള്‍ കെട്ടിടങ്ങള്‍ക്കുനേരെ അക്രമം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ജമ്മു-കശ്മീര്‍ ഹൈകോടതി സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് വിദ്യാലയങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെ തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ പരിശോധന നടത്തുന്നതിനിടെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു ജവാന് പരിക്കേറ്റു.

ദോബ്ജാന്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് അങ്ങോട്ട് നീങ്ങിയ പൊലീസിനും സുരക്ഷാസേനക്കും നേരെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ച് വെടിവെച്ചപ്പോഴാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടു.
ശ്രീനഗര്‍ നഗരത്തിലെ ഈദ്ഗാഹ് മൈതാനം ഉള്‍പ്പെടുന്ന പ്രദേശവാസിയായ 16കാരന്‍ വിഷം അകത്തുചെന്ന് മരിച്ച സംഭവം സുരക്ഷാസേനക്കുനേരെ പ്രതിഷേധത്തിന് കാരണമായി.  ഖൈസര്‍ സോഫി എന്ന ബാലനാണ് മരണപ്പെട്ടത്.

ഖബറടക്കത്തിനുശേഷം  പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഒരു സംഘം യുവാക്കള്‍  സുരക്ഷാസേനക്ക് നേരെ കല്ളേറ് നടത്തി. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേന കണ്ണീര്‍വാതകവും പെല്ലറ്റും  പ്രയോഗിച്ചു. 12 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഇതില്‍ ആറു പേര്‍ക്ക് പെല്ലറ്റ് ഏറ്റാണ് പരിക്ക്.

സോഫിയെ ഒക്ടോബര്‍ 25 മുതല്‍ കാണാതായിരുന്നു. ഷാലിമാര്‍ പ്രദേശത്ത് അബോധാവസ്ഥയില്‍ കണ്ടത്തെിയ സോഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ  മരണപ്പെട്ടു.  സേന കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്നും വിഷം അകത്തുചെല്ലാന്‍ കാരണം സുരക്ഷാസേനയാണെന്നും  ആരോപിച്ചാണ് പ്രതിഷേധം ഉയര്‍ന്നത്. വിഘടനവാദികള്‍ ആഹ്വാനം ചെയ്ത പ്രക്ഷോഭത്തെ തുടര്‍ന്ന് താഴ്വരയില്‍ 120ാം ദിവസവും ജനജീവിതം സ്തംഭിച്ചു. ഒട്ടുമിക്ക കടകമ്പോളങ്ങളും സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. വിദ്യാലയങ്ങളടക്കം പ്രവര്‍ത്തിക്കുന്നില്ല. 

Tags:    
News Summary - kashmir school fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.