കശ്മീർ റെയ്ൽ ലിങ്കിന് തുടക്കമിട്ടത് കോൺഗ്രസ്; ചരിത്രം ഓർമിപ്പിച്ച് മോദിയുടെ അവകാശവാദം പൊളിച്ചടുക്കി ജയറാം രമേശ്

ന്യൂഡൽഹി: കോൺഗ്രസ് ഭരണത്തിന്റെ ശക്തമായ ഉദാഹരണമാണ് ഉദ്ദംപൂർ-ശ്രീനഗർ-ബാരാമുല്ല റെയിൽവേ ലൈൻ (യു.എസ്.ബി.ആർ.എൽ) എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജറയാം രമേശ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വയം പ്രതിച്ഛായക്കുവേണ്ടിയുള്ള ഒടുങ്ങാത്ത ആഗ്രഹത്തിൽ അത് സ്ഥിരമായി നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹിമാലയത്തിലെ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന, 43780 കോടി രൂപ ചെലവിൽ നിർമിച്ച 272 കിലോമീറ്റർ നീളമുള്ള റെയിൽ ലിങ്കായ യു.എസ്.ബി.ആർ.എൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യാൻ പോകുന്ന ദിവസമാണ് ചരിത്രം ഓർമിപ്പിച്ച് പ്രതിപക്ഷ പാർട്ടിയുടെ  പ്രസ്താവന.

1995 മാർച്ചിൽ പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് യു.എസ്.ബി.ആർ.എൽ ആദ്യമായി അനുവദിച്ചതെന്നും ജയറാം രമേശ് പറഞ്ഞു. 2002 മാർച്ചിൽ അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ ഇത് ഒരു ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചു. തുടർന്ന് 2005 ഏപ്രിൽ 13ന് ജമ്മുവിനും ഉദ്ദംപൂരിനും ഇടയിലുള്ള 53 കിലോമീറ്റർ റെയിൽ ലിങ്ക് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉദ്ഘാടനം ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു.

2008 ഒക്ടോബർ 11ന് ശ്രീനഗറിന് പുറത്ത് അനന്ത്‌നാഗിനും മഴോമിനും ഇടയിലുള്ള 66 കിലോമീറ്റർ റെയിൽ ലിങ്ക് പ്രധാനമന്ത്രി  മൻമോഹൻ സിങ് ഉദ്ഘാടനം ചെയ്തു. 2009 ഫെബ്രുവരി 14 ന് ശ്രീനഗറിന് പുറത്ത് മഴോമിനും ബാരാമുല്ലക്കും ഇടയിലുള്ള 31 കിലോമീറ്റർ റെയിൽ ലിങ്കും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

2009 ഒക്ടോബർ 29 ന് ഡോ. മൻമോഹൻ സിങ് അനന്ത്‌നാഗിനും ഖാസിഗുണ്ടിനും ഇടയിലുള്ള 18 കിലോമീറ്റർ റെയിൽ ലിങ്കിന്റെയും 2013 ജൂൺ 26 ന് 11 കിലോമീറ്റർ ഖാസിഗുണ്ടിനും ബനിഹാലിനും ഇടയിലുള്ള റെയിൽ ലിങ്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു -രമേശ് വിശദീകരിച്ചു. ഇതിനർത്ഥം 2013 ജൂൺ 26 ആയപ്പോഴേക്കും ബാരാമുള്ളക്കും ഖാസിഗുണ്ടിനും ഇടയിലുള്ള 135 കിലോമീറ്റർ റെയിൽ ലിങ്ക് പ്രവർത്തനക്ഷമമായി എന്നാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ ഭരണത്തിൽ വലിയ തുടർച്ച ഉണ്ടായിരുന്നുവെന്നും എന്നാൽ, സ്വന്തം മഹത്വത്തിനായുള്ള തന്റെ നിരന്തരമായ പരിശ്രമത്തിൽ പ്രധാനമന്ത്രി ഈ വസ്തുത നിരന്തരം നിഷേധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. യു.എസ്.ബി.എൽ പോലുള്ള അസാധാരണമാംവിധം വെല്ലുവിളി നിറഞ്ഞ വികസന പദ്ധതികൾ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഈ യാഥാർത്ഥ്യം ഏറ്റവും വെളിപ്പെടുന്നതെന്നും അദ്ദേഹം അടിവരയിട്ടു.

Tags:    
News Summary - Kashmir rail link: Congress remembers PV Narasimha Rao, slams Modi's 'desire for self-glory'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.