രാജസ്ഥാൻ മന്ത്രി കിരൺ മഹേശ്വരിയുടെ ചെവിയും മൂക്കും മുറിക്കുമെന്ന് കർണിസേന

ജയ്പുർ: രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി കിരൺ മഹേശ്വരിയുടെ ചെവിയും മൂക്കും മുറിക്കുമെന്ന ഭീഷണിയുമായി ശ്രീ രജ്പുത് കർണിസേന. രജപുത്രരെ മന്ത്രി എലികളോട് ഉപമിച്ചുവെന്നാണ് കർണിസേനയുടെ ആക്ഷേപം. കിരൺ മഹേശ്വരി മാപ്പ് പറഞ്ഞില്ലെങ്കിൽ പദ്മാവത് സിനിമയുടെ കാര്യത്തിൽ ദീപിക പദക്കോണിന് അനുഭവിക്കേണ്ടി വന്നതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കേണ്ടി വരുമെന്നും കർണിസേന മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച മന്ത്രി വാർത്താലേഖകരോട് സംസാരിക്കവെയാണ് വിവാദമായ പരാമർശമുണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് സർവ രജ്പുത് സമാജ് സംഘർഷ് സമിതി പ്രവർത്തകർ ബി.ജെ.പിക്കെതിരെ പ്രചരണം നടത്തുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. തെരഞ്ഞെടുപ്പിന്‍റെ സമയത്ത് ചില മനുഷ്യർ എലികളെ പോലെ മാളത്തിൽ നിന്ന് പുറത്തുവരാറുണ്ട് എന്ന കിരൺ മഹേശ്വരിയുടെ ഉത്തരമാണ് കർണിസേനയെ ചൊടിപ്പിച്ചത്. പ്രസ്താവനയിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത പ്രത്യാഘതങ്ങൾ നേരിടേണ്ടി വരുമെന്നാണ് കർണിസേനയുടെ ഭീഷണി. 

രാജസ്ഥാനിൽ രജ്പുത് സമുദായത്തിന്‍റെ സഹായത്തോടെയാണ് ബി.ജെ.പി അധികാരത്തിലേറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്‍റെ മണ്ഡലമായ രാജസമന്ദിൽ കിരൺ മഹേശ്വരി വിജയിച്ചതും ഈ എലികളുടെ സഹായത്തോടെയായിരുന്നു. രാജസമന്ദിൽ ഏകദേശം 40,000 രജപുത്ര വോട്ടുകളുണ്ട്. മന്ത്രി ഇക്കാര്യത്തിൽ മാപ്പ് പറഞ്ഞേ മതിയാകൂ. സംസ്ഥാന സർക്കാരും ഇതേക്കുറിച്ച് പ്രസ്താവനയിറക്കണം- കർണിസേന നേതാവ് മതിപാൽ മക്രാന പറഞ്ഞു.

എന്നാൽ ആരോപണം മഹേശ്വരി നിഷേധിച്ചു. താൻ എലികളെന്ന് പരിഹസിച്ചത് കോൺഗ്രസിനെയാണ് എന്നാണ് അവരുടെ വാദം. ഇത് വളച്ചൊടിച്ച് ഒരു സമുദായത്തെ തനിക്കെതിരെ നിർത്തുകയാണ് എന്നും അവർ പ്രതികരിച്ചു. എന്നാൽ, കിരൺ മഹേശ്വരി ആ സമുദായത്തോട് മുഴുവൻ മാപ്പ് പറയേണ്ടതാണെന്ന് രാജസ്ഥാൻ കോൺഗ്രസ് പ്രസിഡന്‍റ് സച്ചിൻ പൈലറ്റ് വ്യക്തമാക്കി. 

Tags:    
News Summary - Karni Sena Threatens To Chop Off Rajasthan Minister Kiran Maheshwari's Nose And Ears-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.