കർണാടകയിലെ മെഡിക്കൽ,​ നഴ്​സിങ് കോളജുകൾ തുറക്കാൻ അനുമതി; ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശനം

ബംഗളൂരു: കർണാടകയിലെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ ആരോഗ്യമേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നതിനായി തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി സർക്കാർ അടിയന്തരമായി നൽകി. മെഡിക്കൽ, ഡെൻറൽ കോളജുകൾ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നഴ്​സിങ് കോളജുകൾ, ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട കോളജുകൾ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റു കോളജുകൾ തുടങ്ങിയവ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയത്. എത്രയും പെട്ടെന്ന് തുറന്ന് പ്രവർത്തിക്കാനുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ തന്നെ അടുത്ത ദിവസങ്ങളിൽ ആരോഗ്യമേഖലയിലെ കോളജുകളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചേക്കും.


കുറഞ്ഞത് ഒരു േഡാസ് വാക്സിൻ എങ്കിലും സ്വീകരിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും മാത്രമായിരിക്കും കോളുജകളിൽ നേരിട്ടെത്താനാകുക. കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം ആരോഗ്യമേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടതെന്നും റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻ. മഞ്ജുനാഥ പ്രസാദ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയുണ്ടാകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം തുറക്കുന്നതിന് മുന്നോടിയായാണ് ആരോഗ്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്.


സംസ്ഥാനത്തെ എല്ലാ ബിരുദ കോളജുകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിനായി എല്ലാ വിദ്യാർഥികൾക്കും പ്രത്യേക ക്യാമ്പുകളിലൂടെ വാക്സിൻ നൽകുന്നുണ്ട്. എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പായശേഷമായിരിക്കും ബിരുദ കോളജുകളിലും നേരിട്ടുള്ള ക്ലാസുകൾക്ക് അനുമതി നൽകുക. കർണാടകയിലെ മെഡിക്കൽ കോളജുകളിലും നഴ്സിങ് കോളജുകളിലും കേരളത്തിൽനിന്നുള്ള നിരവധി പേരാണ് പഠിക്കുന്നത്. കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് കർണാടകയിലേക്ക് വരുന്നതിന് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയത് കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് തിരിച്ചെത്താൻ ഏറെ സഹായകമാകും.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.