'ജഡ്ജി സ്ഥാനം നഷ്ടമായാലും പ്രശ്നമില്ല, കൃഷിപ്പണിക്ക് തയാർ'; അഴിമതിക്കെതിരെ ശബ്ദിച്ചതിന് സ്ഥലംമാറ്റ ഭീഷണി നേരിടുന്നതായി കർണാടക ജഡ്ജി

ബംഗളൂരു: ആന്റി കറപ്ഷൻ ബ്യൂറോ, കലക്ഷൻ സെന്റർ ആയിരിക്കുന്നുവെന്ന പരാമർശത്തെ തുടർന്ന് സ്ഥലംമാറ്റ ഭീഷണി നേരിടുകയാണെന്ന് കർണാട ഹൈകോടതി ജഡ്ജി എച്ച്.പി.സന്ദേശ്. ഈ ഭീഷണികൾക്കൊന്നും തന്നെ തളർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച ബംഗളൂരു സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ പി.എസ്. മഹേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് സന്ദേശ് ആന്റി കറപ്ഷൻ ബ്യൂറോയെ കുറിച്ച് പറഞ്ഞത്.

ഭൂമി തർക്കത്തിൽ അനുകൂല നടപടിക്കായി ഓഫീസിലെ രണ്ട് ജീവനക്കാർ അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഈ കേസിൽ ജൂനിയറായ ജീവനക്കാരൻ മാത്രം നിയമ നടപടി നേരിടേണ്ടിവരികയും മുതിർന്ന ജീവനക്കാർ സുരക്ഷിതരാവുകയും ചെയ്യുന്നതിൽ കോടതി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് മുൻ ബംഗളൂരു സിറ്റി ഡെപ്യൂട്ടി കമ്മീഷണറും ഐ.എ.എസ് ഉദ്യോഗസ്ഥനുമയ ജെ. മഞ്ചുനാഥിനെ ആന്റി കറപ്ഷൻ ബ്യൂറോ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെയാണ് ആന്റി കറപ്ഷൻ ബ്യുറോ കലക്ഷൻ സെന്ററായിയിരിക്കുകയാണെന്നും എ.സി.ബിയുടെ എ.ഡി.ജി.പി കളങ്കിതനായ വ്യക്തിയാണെന്നും ജസ്റ്റിസ് സന്ദേശ് പറഞ്ഞത്. 2016 മുതൽ തെളിവുകൾ കണ്ടെത്താനാകാതെ എ.സി.ബി അന്വേഷണം അവസാനിപ്പിച്ച റിപ്പോർട്ടുകളുടെ (ബി റിപ്പോർട്ട്) പൂർണ വിവരങ്ങൾ സമർപ്പിക്കണമെന്നും ജൂൺ 29ന് കോടതി നിർദേശിച്ചിരുന്നു.

​കേസ് തിങ്കളാഴ്ച പരിഗണനക്ക് വന്നപ്പോൾ, എ.സി.ബി എ.ഡി.ജി.പി ശക്തനാണെന്ന് തോന്നുന്നുവെന്ന് ജഡ്ജി സന്ദേശ് പറഞ്ഞു. തന്റെ സഹപ്രവർത്തകനോട് ആരോ പറഞ്ഞ ഇക്കാര്യം ഒരു ജഡ്ജിയാണ് തന്നെ അറിയിച്ചതെന്നും സ്ഥലംമാറ്റ ഭീഷണിയും ക്രമപ്രകാരം രേഖപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഭീഷണികളിലൊന്നും ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എനിക്ക് ആരെയും ഭയമില്ല. പൂച്ചക്ക് മണികെട്ടാൻ ഞാൻ തയാറാണ്. ജഡ്ജിയായതിന് ശേഷം ഞാൻ സ്വത്ത് സമ്പാദിച്ചിട്ടില്ല. ഈ സ്ഥാനം നഷ്ടപ്പെട്ടാലും പ്രശ്നമില്ല. ഞാനൊരു കർഷകന്റെ മകനാണ്. കൃഷിപ്പണിക്ക് തയാറാണ്. ഞാനൊരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും മുറുകെ പിടിച്ചിട്ടില്ല - ജസ്റ്റിസ് സന്ദേശ് പറഞ്ഞു.

അതേസമയം, ബി. റിപ്പോർട്ടുകൾ മറ്റൊരു ബെഞ്ച് പരിശോധിക്കുന്നുണ്ടെന്ന് എ.സി.ബിയുടെ അഭിഭാഷകൻ പറഞ്ഞു.

തെളിവുകളോടെ പിടികൂടിയ കേസുകളിൽ പോലും തെളിവില്ലെന്ന് പറഞ്ഞ് ബി റിപ്പോർട്ട് നൽകുകയാണ്. ഡിവിഷൻ ബെഞ്ചിന് വിവരങ്ങൾ നൽകിയിട്ടും എന്തുകൊണ്ടാണ് നിങ്ങൾ എനിക്ക് വിശദാംശങ്ങൾ നൽകാത്തത്? നിങ്ങൾ പൊതുജനങ്ങളെയാണോ അതോ കളങ്കിതരെയാണോ സംരക്ഷിക്കുന്നത്? കറുത്ത കോട്ട് അഴിമതിക്കാരുടെ സംരക്ഷണത്തിനുള്ളതല്ല, അഴിമതി ക്യാൻസറായി മാറിയിരിക്കുന്നു, അത് നാലാം ഘട്ടത്തിൽ എത്തരുത്. ഉദ്യോഗസ്ഥരെ സെർച്ച് വാറണ്ടുകൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം അവരിൽ നിന്ന് പണം പിടിച്ച് പറിക്കുകയാണെന്നും ​ജഡ്ജി പറഞ്ഞു.

എസിബി എഡി.ജി.പിയുടെ സർവീസ് റെക്കോർഡുകൾ ഹാജരാക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ രേഖകൾ കോടതിയിൽ ഹാജരാക്കിയില്ലെന്ന് ജഡ്ജി പറഞ്ഞു. എന്നിട്ട് ​ജഡ്ജിയെ ഭീഷണിപ്പെടുത്താൻ വരെ തുനിഞ്ഞിരിക്കുന്നു. സംസ്ഥാനമാകെ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. വൈറ്റമിൻ എം (പണം) ഉണ്ടെങ്കിൽ നിങ്ങൾ ആരെയും രക്ഷിക്കുമെന്നും കോടതി പറഞ്ഞു. 

Tags:    
News Summary - Karnataka judge facing transfer threat for speaking out against corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.