രോഹിണി സിന്ദൂരി ഐ.എ.എസ്, ഡി. രൂപ ഐ.പി.എസ്

ഫേസ്ബുക്കിൽ സ്വകാര്യ ചി​ത്രം പങ്കുവെച്ചു; കർണാടകയിൽ ഐ.എ.എസ്, ഐ.പി.എസ് ഓഫിസർമാരുടെ പോര് മുറുകി -രണ്ടുപേർക്കുമെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും

ബംഗളൂരു: കർണാടകയിൽ ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപയും തമ്മിലുള്ള പോര് മുറുകി. കഴിഞ്ഞ ദിവസം രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ രൂപ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. രോഹിണി ഏതാനും പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത ഫോട്ടോകളാണെന്ന് പറഞ്ഞാണ് രൂപ ചിത്രങ്ങൾ പങ്കുവെച്ചത്.

''ഈ ചിത്രങ്ങൾ കാണുമ്പോൾ സാധാരണ ചിത്രങ്ങളാണ്. എന്നാൽ ഒരു വനിത ഐ.എ.എസ് ഉദ്യോഗസ്ഥ ഏതാനും പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തതിൽ അസ്വാഭാവികതയുണ്ട്. ഇത് ഒരു സ്വകാര്യ കാര്യമല്ല. സർവീസ് ചട്ടങ്ങളുടെ ലംഘനമാണ്. സലൂണിലെ ചിത്രങ്ങളും ഉറങ്ങുന്ന ചിത്രങ്ങളും കണ്ടാൽ സാധാരണചിത്രങ്ങളെന്നു തോന്നും. എന്നാൽ ഈ ചിത്രങ്ങൾ മറ്റു പല കാര്യങ്ങളും തുറന്നുകാട്ടുന്നുണ്ട്'-എന്നു പറഞ്ഞാണ് രൂപ രോഹിണിയുടെ ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടത്.

എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ സമൂഹമാധ്യമങ്ങളിലും വാട്സ് ആപ്പ് സ്റ്റാറ്റസായും പങ്കുവെച്ച ചിത്രങ്ങളുടെ സ്ക്രീൻഷോട്ടാണ് രൂപ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും ആർക്കാണ് ചിത്രങ്ങൾ അയച്ചുകൊടുത്തത് എന്ന കാര്യം പരസ്യമാക്കണമെന്നും രോഹിണി പ്രതികരിച്ചു. രൂപ വ്യക്തിഹത്യ നടത്തുകയാണെന്നും അവർക്ക് കൗൺസലിങ് ആവശ്യമുണ്ടെന്നും രോഹിണി കൂട്ടിച്ചേർത്തു. തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന രൂപക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

മാധ്യമ ശ്രദ്ധ കിട്ടാനാണ് രൂപ ശ്രമിക്കുന്നത്. അവരുടെ സമൂഹ മാധ്യമ പ്രൊഫൈലുകൾ അതിനു തെളിവാണ്. ഇങ്ങനെ വ്യക്തിഹത്യ നടത്തുന്നതിനു പകരം വില​പ്പെട്ട സമയം നല്ല കാര്യത്തിന് ഉപയോഗിക്കണമെന്ന് രൂപയെ ഉപദേശിക്കാനും രോഹിണി മറന്നില്ല. അതിനിടെ, വ്യക്തിപരമായ വിദ്വേഷം പൊതുയിടങ്ങളിലേക്ക് വലിച്ചിഴച്ച രണ്ടുപേർക്കെതിരെയും ശക്തമായ നടപടി വേണമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരാഗ ജ്ഞാനേ​ന്ദ്ര പറഞ്ഞു. നേരത്തേ അവർക്ക് മുന്നറിയിപ്പു നൽകിയതാണ്. ഇക്കാര്യം ഡി.ജിയോടും മുഖ്യമന്ത്രിയോടും ചർച്ച ചെയ്തപ്പോൾ അവരും സമാന അഭിപ്രായമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

രോഹിണി സിന്ദൂരി ഇപ്പോൾ ദേവസ്വം കമ്മീഷണറാണ്. ഡി. രൂപ കര്‍ണാടക കരകൗശല വികസന കോർപറേഷന്‍ മാനേജിങ് ഡയറക്ടറുമാണ്. 

Tags:    
News Summary - Karnataka IAS, IPS officers lock horns over social media post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.