ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പരിഷ്‌കരിച്ച ജനന-മരണ സർട്ടിഫിക്കറ്റുകൾ നൽകണം -കർണാടക ഹൈകോടതി

ബംഗളൂരു: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പരിഷ്‌കരിച്ച സർട്ടിഫിക്കറ്റുകൾ നൽകാൻ കർണാടക ഹൈകോടതി ജനന-മരണ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. സർട്ടിഫിക്കറ്റുകൾ വ്യക്തികളുടെ മുമ്പത്തേതും പരിഷ്കരിച്ചതുമായ പേരുകളും ലിംഗഭേദങ്ങളും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്നും നിർദേശമുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ 34 കാരിയായ ട്രാൻസ്‌ജെൻഡർ യുവതിയുടെ ജനന സർട്ടിഫിക്കറ്റിൽ പേരും ലിംഗവും അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തീർപ്പാക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ഉത്തരവ് പുറപ്പെടുവിച്ചത്. 1969ലെ നിയമത്തിലെ വ്യവസ്ഥകളുടെ അഭാവം ചൂണ്ടിക്കാട്ടി മംഗളൂരു സിറ്റി കോർപ്പറേഷന്‍റെ ജനന-മരണ രജിസ്ട്രാർ അപേക്ഷ നേരത്തെ നിരസിച്ചിരുന്നു.

അപേക്ഷ നിരസിക്കാനുള്ള രജിസ്ട്രാറുടെ തീരുമാനം 1969ലെ നിയമപ്രകാരം സാങ്കേതികമായി ശരിയാണെന്ന് കോടതി അംഗീകരിച്ചു. എന്നാൽ ഈ തീരുമാനം 2019ലെ നിയമപ്രകാരം ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. നിയമഭേദഗതികൾ വരുന്നതുവരെ പുതുക്കിയ സർട്ടിഫിക്കറ്റുകൾ നൽകാൻ കോടതി രജിസ്ട്രാർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ജനന മരണ രജിസ്ട്രേഷൻ നിയമം, 1969-ൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നത് വരെ ഈ നിർദ്ദേശം പ്രാബല്യത്തിൽ ഉണ്ടാകും.

1969 ലെ നിയമത്തിലും അതിന്‍റെ ചട്ടങ്ങളിലും ഭേദഗതികൾ നിർദ്ദേശിക്കണമെന്നും കോടതി കർണാടക ലോ കമീഷനോടും സംസ്ഥാന സർക്കാറിനോടും ആവശ്യപ്പെട്ടു. ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ആക്‌ട്, 2019, ലിംഗമാറ്റത്തിന് ശേഷം ഒരു യോഗ്യതയുള്ള അതോറിറ്റി നൽകുന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ, 1969 ലെ നിയമത്തിൽ ലിംഗമാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി യഥാർഥ സർട്ടിഫിക്കറ്റുകൾ പരിഷ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഇല്ലെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Karnataka high court instructs registrar to issue modified birth, death certificates for transgenders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.