ബംഗളൂരു: സമൂഹമാധ്യമമായ ട്വിറ്റർ നൽകിയ ഹരജിയുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈകോടതി. പ്രവർത്തനം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ട്വിറ്റർ സമർപ്പിച്ച ഹരജിയിൽ വാദംകേൾക്കൽ നീട്ടിവെക്കാൻ തുടർച്ചയായി അവധി ആവശ്യപ്പെട്ടതോടെയാണ് ഹൈകോടതിയുടെ വിമർശനം.
ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കവെ, ജനുവരി 27 ലേക്കോ ഫെബ്രുവരി മൂന്നിലേക്കോ കേസ് മാറ്റിവെക്കണമെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത്ര പ്രാധാന്യമുള്ള കേസിൽ തുടർച്ചയായി വാദം കേൾക്കൽ മാറ്റാൻ ആവശ്യപ്പെടുന്നതെന്തെന്ന് ചോദിച്ച ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, തങ്ങൾ സർക്കാറിന്റെ കേട്ടെഴുത്തുകാരല്ലെന്ന് പ്രതികരിച്ചു.
ഇത് അംഗീകരിക്കാനാവില്ല. ജനങ്ങൾ എന്താണ് കരുതുക? സർക്കാറിന്റെ ഉത്തരവും ആജ്ഞയും അനുസരിക്കേണ്ടവരല്ല ഞങ്ങൾ. എത്ര തവണ വാദം കേൾക്കൽ മാറ്റിയെന്ന് നിങ്ങൾക്ക് അറിയാമോ? ആ ഉത്തരവ് വായിച്ചു നോക്കൂ. ’- ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് കേന്ദ്ര പ്രതിനിധിയായ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഒരാഴ്ച മാത്രമേ സമയം അനുവദിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയ കോടതി, ജനുവരി 18ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
ചില ട്വിറ്റർ ഹാൻഡിലുകൾ ബ്ലോക്ക് ചെയ്യാൻ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ് നൽകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം ജൂണിലാണ് ഹരജിയുമായി ട്വിറ്റർ ഹൈകോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദത്താർ, അശോക് ഹാരനഹള്ളി എന്നിവർ ട്വിറ്ററിനുവേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.