ജമ്മു കശ്മീരിലെ പുസ്തക നിരോധനത്തിൽ സർക്കാരിന് പങ്കില്ല; ലഫ്റ്റനന്റ് ഗവർണറുടെ ഭരണ സംവിധാനത്തെ ചൂണ്ടിക്കാട്ടി ഉമർ അബ്ദുല്ല
ശ്രീനഗർ: ജമ്മു കശ്മീരിൽ ലൈബ്രറികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആയിരക്കണക്കിന് പുസ്തകങ്ങൾ പിൻവലിച്ച നടപടിയിൽ സർക്കാരിന് യാതൊരുവിധ പങ്കുമില്ലെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല. കേന്ദ്രഭരണ പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 21 ലക്ഷത്തിലധികം പുസ്തകങ്ങൾ പരിശോധിച്ച് 4,249 പുസ്തകങ്ങൾ ഒഴിവാക്കിയ സംഭവത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
പുസ്തകങ്ങൾ നിരോധിക്കുന്നതിനോ ഒഴിവാക്കുന്നതിനോ എതിരെ തനിക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടെങ്കിലും, നിലവിലുള്ള ഭരണസംവിധാനത്തിൽ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അധികാരമില്ലെന്ന് ഉമർ അബ്ദുല്ല പറഞ്ഞു. ഭാവിയിൽ ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുമ്പോൾ ഇത്തരം കാര്യങ്ങളിൽ പുതിയൊരു കാഴ്ചപ്പാടോടെ പുനഃപരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രഭരണ പ്രദേശത്തെ ക്രമസമാധാന ചുമതലകളും സുരക്ഷാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നത് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹക്കാണ്. പുസ്തകങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവ് ആഭ്യന്തര വകുപ്പിൽ നിന്നാണോ അതോ സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ വകുപ്പിൽ നിന്നാണോ ഉണ്ടായതെന്ന് ഉമർ അബ്ദുല്ല വ്യക്തമാക്കിയിട്ടില്ല. കശ്മീരുമായി ബന്ധപ്പെട്ട തെറ്റായ ആഖ്യാനങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ വർഷം ആഭ്യന്തര വകുപ്പ് 25 പുസ്തകങ്ങൾ നിരോധിച്ചിരുന്നു. ഇതോടെ നിരോധിക്കപ്പെട്ടതും പിൻവലിക്കപ്പെട്ടതുമായ പുസ്തകങ്ങളുടെ എണ്ണം 518 ആയി ഉയർന്നിരുന്നു.
ആയിരക്കണക്കിന് പുസ്തകങ്ങൾ ഒഴിവാക്കാൻ ആസൂത്രണം ചെയ്തതാരെന്നും അതിന്റെ കാരണങ്ങളും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മിർവൈസ് ഉമർ ഫാറൂഖ് രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ തുടർന്ന് ജൂലൈയിലാണ് ലൈബ്രറികളിലും ക്ലാസ് മുറികളിലും പുസ്തകങ്ങൾ പരിശോധിക്കാൻ തുടങ്ങിയത്. ചൊവ്വാഴ്ച നിയമസഭയിൽ സംസാരിക്കവെ വിദ്യാഭ്യാസ മന്ത്രി സക്കീന ഇട്ടു ആണ് 21 ലക്ഷത്തിലധികം പുസ്തകങ്ങൾ പരിശോധിച്ചതായും 4,000-ത്തിലധികം പുസ്തകങ്ങൾ ലൈബ്രറികളിൽ നിന്ന് നീക്കം ചെയ്തതായും അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.