ബംഗളൂരു: ബംഗളൂരു ദുരന്തത്തെ തുടർന്ന് പൊലീസ് കേസെടുത്തതിന് പിന്നാലെ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ അധികൃതർക്ക് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകി കോടതി. കർണാടക ഹൈകോടതിയാണ് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകിയത്. അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ചതിനെ തുടർന്നാണ് നടപടി. ജൂൺ 16ന് കേസ് വീണ്ടും പരിഗണിക്കും.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രഘു റാം ഭട്ട് ഉൾപ്പടെയുള്ളവർ തങ്ങൾക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് കോടതിയുടെ നിർദേശം പുറത്ത് വന്നിരിക്കുന്നത്. കേസിൽ ആർ.സി.ബി അധികൃതരുടെ ഉൾപ്പടെ അറസ്റ്റിന് മടിക്കേണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയിരുന്നു.
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർ.സി.ബി) ടീമിന്റെ ആദ്യ ഐ.പി.എൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ആർ.സി.ബിയിലെ ഉന്നത മാർക്കറ്റിങ് ഉദ്യോഗസ്ഥനായ നിഖിൽ സൊസാലെയും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുംബൈയിലേക്ക് പോകുന്നതിനിടെ രാവിലെ 6.30 ഓടെ ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. അറസ്റ്റിലായ ബാക്കിയുള്ളവർ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡി.എൻ.എ എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ സുനിൽ മാത്യു, കിരൺ, സുമന്ത് എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.