റോഹിങ്ക്യൻ അഭയാർഥികളെ ഉടൻ നാടുകടത്തില്ലെന്ന നിലപാട് മാറ്റി കർണാടക സർക്കാർ

ബംഗളൂരു: ബംഗളൂരുവിലുള്ള റോഹിങ്ക്യൻ വംശജരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹരജിയിൽ നിലപാട് മാറ്റി കർണാടക സർക്കാർ. ബംഗളൂരുവിൽ അഭയാർഥികളായി കഴിയുന്ന 72 റോഹിങ്ക്യൻ വംശജരെ ഉടൻ നാടുകടത്താൻ പദ്ധതിയില്ലെന്നായിരുന്നു നേരത്തെ കർണാടക സർക്കാർ സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.

എന്നാൽ, നേരത്തെ നൽകിയ സത്യവാങ്മൂലം തിരുത്തികൊണ്ട് പുതിയ സത്യവാങ്മൂലം സംസ്ഥാന ആഭ്യന്തര വകുപ്പ് സുപ്രീം കോടതിയിൽ സമർപ്പിച്ചു. കേസിൽ സുപ്രീം കോടതിയിൽനിന്നുള്ള ഉത്തരവ് എന്താണോ അത് പാലിക്കുമെന്നാണ് പുതിയ സത്യവാങ്മൂലത്തിൽ അറിയിച്ചത്. കർണാടക പൊലീസ് റോഹിങ്ക്യൻ വംശജരെ ക്യാമ്പുകളിലോ ഡിറ്റൻഷൻ സെൻററിലോ പാർപ്പിച്ചിട്ടില്ലെന്നും സംസ്ഥാനത്താകെ 126 റോഹിങ്ക്യർ ഉണ്ടെന്നും കോടതിയെ അറിയിച്ചു. റോഹിങ്ക്യൻ വംശജരെ ഉടൻ നാടുകടത്താൻ പദ്ധതിയില്ലെന്ന തീരുമാനം ഒഴിവാക്കികൊണ്ടാണ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.

സംസ്ഥാനത്ത് കണ്ടെത്തിയ റോഹിങ്ക്യരുടെ പട്ടികയും നൽകി. അനധികൃത കുടിയേറ്റം നടത്തിയ ബംഗ്ലാദേശികളെയും റോഹിങ്ക്യൻ വംശജരെയും കണ്ടെത്തി പിടികൂടി ഒരു വർഷത്തിനകം നാടുകടത്താൻ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹരജിയിലണ് നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽനിന്നും വ്യത്യസ്യമായ നിലപാട് കർണാടക സർക്കാർ സ്വീകരിച്ചത്.

ഉപാധ്യായയുടെ ഹരജിക്ക് പ്രധാന്യമില്ലെന്നും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും തള്ളികളയണമെന്നുമായിരുന്നു ആദ്യം സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്. റോഹിങ്ക്യർക്കെതിരെപൊലീസ് ബലപ്രയോഗം നടത്തിയിട്ടില്ല. അവരെ നാടുകടത്താൻ തീരുമാനിച്ചിട്ടുമില്ല എന്നായിരുന്നു നേരത്തെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.

72 റോഹിങ്ക്യർ ബംഗളൂരു നഗരത്തിൽ വിവിധ മേഖലയിലായി തൊഴിൽ ചെയ്യുന്നുണ്ടെന്നും ബംഗളൂരു പൊലീസ് ആരെയും ക്യാമ്പുകളിൽ പാർപ്പിച്ചിട്ടില്ലെന്നും ബംഗളൂരു നഗരത്തിൽ കണ്ടെത്തിയ 72 റോഹിങ്ക്യർ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുകയാണെന്നും നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളും പുതിയ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ബി.െജ.പി നേതാവ് കൂടിയായ അഡ്വ. അശ്വിനി ഉപാധ്യായുടെ ഹരജിയെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യാതെയാണ് പുതിയ സത്യവാങ്മൂലം.

Tags:    
News Summary - Karnataka government has changed its stand that Rohingya refugees will not be deported soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.