ബി.ജെ.പി നേതാവിന്‍റെ ​കൊലക്കേസ്​; പോപുലർ ഫ്രണ്ട്​ ഓഫിസ്​ കണ്ടുകെട്ടി എൻ.ഐ.എ

ബംഗളൂരു: ബി.ജെ.പി യുവമോർച്ച പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിന്റെ കൊലപാതകം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ടൗണിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) ഓഫീസ് തിങ്കളാഴ്ച പിടിച്ചെടുത്തു. സുള്ള്യയിലെ പി.എഫ്‌.ഐ ഓഫീസ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതായി എൻ.ഐ.എ ആരോപിച്ചു. ഗാന്ധിനഗറിലെ ആലെറ്റി റോഡിലെ താഹിറ കോംപ്ലക്‌സിന്റെ ഒന്നാം നിലയിലായിരുന്നു ഓഫീസ്.

പിടിച്ചെടുത്തതിന്റെ ഔദ്യാഗിക പകർപ്പ് വസ്തുവിന്റെ ഉടമ, ജില്ലാ കമ്മീഷണർ, ദക്ഷിണ കന്നഡ ജില്ലയിലെ പൊലീസ് സൂപ്രണ്ട് എന്നിവർക്ക് അയച്ചിട്ടുണ്ട്. വസ്തു പാട്ടത്തിനോ വാടകക്കോ നൽകരുതെന്ന് ഉത്തരവിൽ പറയുന്നു. ഏതെങ്കിലും വസ്തുവകകൾ ഓഫീസിൽ നിന്ന് മാറ്റുന്നതിനോ നവീകരണ ജോലികൾ നടത്തുന്നതിനോ എതിരെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

പ്രവീൺ കുമാർ നെട്ടാരുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഓഫീസിൽ വെച്ചായിരുന്നു നടന്നതെന്ന്​ എൻ.ഐ.എ വിശദീകരിച്ചു. മൂന്നാമത്തെ ശ്രമത്തിലാണ് പ്രവീണിനെ അക്രമികൾ വെട്ടിക്കൊന്നത്. ബംഗളൂരുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ 20 പേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു. 1500 പേജുകളും 240 സാക്ഷികളുടെ മൊഴികളുമാണ് കുറ്റപത്രത്തിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.