????????????????? ?????????????? ?????????????????? ?????????? ??????????????????????

രക്ഷപ്പെട്ടത് മുന്നിലെത്തിയ മരണത്തില്‍ നിന്ന്, നടുക്കം വിട്ടുമാറാതെ യാത്രക്കാര്‍

പുക്രായന്‍ (യു.പി): ‘‘ഞങ്ങള്‍ മരണത്തെ മുഖാമുഖം കാണുകയായിരുന്നു’’ -115 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ക്കെല്ലാം നടുക്കത്തോടെ പറയാനുള്ളത് ഇതുമാത്രമായിരുന്നു. യാത്രക്കാരെല്ലാം ഉറക്കത്തിലേക്ക് വഴുതിവീണ സമയത്തത്തെിയ ദുരന്തത്തില്‍നിന്ന് തങ്ങള്‍ രക്ഷപ്പെട്ടുവെന്ന് അവര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ്. പുലര്‍ച്ചെ മൂന്നുമണിയോടെ ബോഗികള്‍ തകരുന്നതിന്‍െറ വലിയ ശബ്ദം കേട്ടാണ് യാത്രക്കാര്‍ ഞെട്ടിയുണര്‍ന്നത്. ഞൊടിയിടയില്‍ എല്ലാം അവസാനിച്ചുവെന്ന യാഥാര്‍ഥ്യം പലര്‍ക്കും ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.

ഛിന്നഭിന്നമായ ബോഗികളില്‍നിന്ന് സഹായത്തിനായുള്ള നിലവിളികളും പരിക്കേറ്റ് രക്തംവാര്‍ന്ന് തളര്‍ന്നുപോയവരുടെ ഞരക്കങ്ങളും ബോഗികള്‍ക്കിടയില്‍ കുരുങ്ങി ചിതറിപ്പോയ ശരീരങ്ങളുമാണ് അപകടസ്ഥലത്തേക്ക് ഓടിക്കൂടിയത്തെിയ പ്രദേശവാസികള്‍ക്ക് കാണാനായത്. ഇവര്‍തന്നെയാണ് ആദ്യഘട്ടത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും.

അപകടം കാണ്‍പൂരില്‍നിന്ന് 63 കിലോമീറ്റര്‍ മാറിയുള്ള സ്ഥലത്തായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകിയാണ് ആരംഭിക്കാനായത്. അപ്പോഴേക്കും പരിക്കേറ്റ് പിടയുന്നവരെയെല്ലാം ബോഗികളില്‍നിന്ന് പുറത്തെടുക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിരുന്നു. അപകടമുണ്ടാക്കിയ മരവിപ്പിലായതിനാല്‍ പരിക്കിന്‍െറ വ്യാപ്തിയെക്കുറിച്ചുപോലും പലര്‍ക്കും ആദ്യഘട്ടത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ളെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.

‘‘ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരെയെല്ലാം ഞങ്ങള്‍ രക്ഷിച്ചതാണ്, തകര്‍ന്നുപോയ 14 കോച്ചുകളില്‍ പകുതിയിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞു’’ -റാപിഡ് ആക്ഷന്‍ ഫോഴ്സ് അംഗം പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്‍െറ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. 90 അംഗ സൈനികസംഘത്തെയും ഒപ്പം 50 പേരുള്‍പ്പെട്ട മെഡിക്കല്‍ ഗ്രൂപ്പിനെയും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി അപകടം നടന്ന സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഇവരില്‍ അഞ്ച് ഡോക്ടര്‍മാരുമുണ്ട്.

റെയില്‍വേയുടെയും സൈനിക ആസ്ഥാനത്തെയും റിക്കവറി യന്ത്രങ്ങള്‍ ഉപയോഗിച്ച് തകര്‍ന്ന ബോഗികള്‍ മാറ്റാനുള്ള ശ്രമം സൈനികര്‍ ആരംഭിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുള്‍പ്പെടെ വിവിധ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മെറ്റല്‍ കട്ടറുപയോഗിച്ച് തകര്‍ന്ന ബോഗികള്‍ തുറക്കാനുള്ള ശ്രമമാണ് ദുരന്തനിവാരണ സേന നടത്തുന്നതെന്ന് സേന വക്താവ് അനുരാഗ് ചിബ്ബര്‍ പറഞ്ഞു.

 

Tags:    
News Summary - kanpur train tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.